രാജ്യമാണ് പ്രധാനം: 58 കോടിയുടെ കരാർ കമ്മിൻസും ഹെഡും നിരസിച്ചതായി റിപ്പോർട്ട്
ന്യൂഡൽഹി: ഓസ്ട്രേലിയൻ ടീം വിട്ട് തങ്ങൾക്കായി മാത്രം ട്വന്റി-20 ടൂർണമെന്റുകൾ കളിച്ചാൽ കോടികൾപ്രതിഫലമായി നൽകാമെന്നുള്ള ഓഫർ പാറ്റ് കമ്മിൻസും ട്രാവിസ് ഹെഡും തള്ളിയതായി റിപ്പോർട്ട്. തങ്ങൾക്ക് വേണ്ടി മാത്രം കളിക്കാൻ ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി പ്രതിവർഷം 10 മില്യൺ ഓസ്ട്രേലിയൻ ഡോളറിന്റെ (ഏകദേശം 58 കോടി രൂപ) കരാറാണ് കമ്മിൻസിനും ഹെഡിനും മുന്നിൽ വച്ചതെന്നാണ് വിവരം. ഫ്രാഞ്ചൈസിക്ക് വിദേശ ലീഗുകളിലും ടീമുണ്ട്. എന്നാൽ ഓസ്‌ട്രേലിയക്കായി കളിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് താരങ്ങൾ ഫ്രാഞ്ചൈസിയെ അറിയിച്ചുവെന്ന് ഓസ്ട്രേലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിലവിൽ ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താരങ്ങളാണ് ഇരുവരും.
കഴിഞ്ഞ ഐ.പി.എൽ മെഗാലേലത്തിന് മുന്നോടിയായി 18 കോടിക്കാണ് ടീമിന്റെ ക്യാപ്‌ടനായ കമ്മിൻസിനെ ഹൈദരാബാദ് നിലനിറുത്തിയത്. ഹെഡിനെ 14 കോടിക്കുമാണ് നിലനിറുത്തിയത്. സീനിയർ ഓസ്ട്രേലിയൻ താരങ്ങളുടെ ക്രിക്കറ്റ് ഓസ്ട്രേലിയയുമായുള്ല കരാർ 1.5 മില്യൺ ഓസ്ട്രേലിയൻ ഡോളറിന്റെയാണ് (ഏകദേശം 8.74 കോടിരൂപ). ഓസ്‌ട്രേലിയയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്‌ടനായ കമ്മിൻസിന് ആ വകയിലുള്ള സ്റ്റൈപന്റും കൂട്ടി 3 മില്യൺ ഓസ്ട്രേലിയൻ ഡോളറോളം (ഏകദേശം 17.48 കോടി രൂപ) ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതിഫലമായി നൽകുന്നുണ്ട്.
നേരത്തേ സൺറൈസേഴ്‌സിന്റെ ദക്ഷിണാഫ്രിക്കാൻ താരം ഹെൻറിച്ച് ക്ലാസ്സൻ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.