പോർച്ചുഗീസ് താരം തിയാഗോ ആൽവെസ് ബ്ലാസ്‌റ്റേഴ്സിൽ

Thursday 09 October 2025 8:01 AM IST

കൊച്ചി: പുതിയ സീസണിന് മുന്നോടിയായി പോർച്ചുഗീസ് മുന്നേറ്റനിര താരമായ തിയാഗോ അലക്സാണ്ടർ മെൻഡസ് ആൽവെസുമായുള്ള കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഏഷ്യയിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ ജപ്പാനിലെ ജെ1 ലീഗിൽ നിന്നാണ് 29 വയസ്സുകാരനായ ആൽവെസ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

പ്രധാനമായും ഇടതു വിംഗിൽ അതിവേഗത്തിൽ പന്തുമായി പ്രതിരോധനിരയെ കീറിമുറിച്ച് മുന്നേറാൻ കഴിവുള്ള ആൽവെസ്,സെന്റർ ഫോർവേഡായും അറ്റാക്കിംഗ് മിഡ്ഫീൽഡറായും മികവ് തെളിയിച്ചിട്ടുണ്ട്. പോർച്ചുഗലിന്റെ പ്രശസ്തമായ സ്പോർട്ടിംഗ് സി.പി, അക്കാഡമിക്ക കൊയിമ്പ്ര, ഓസ് ബെലെനെൻസസ് തുടങ്ങിയ ക്ലബുകളുടെ യൂത്ത് സിസ്റ്റത്തിലാണ് ആൽവെസ് ഫുട്ബോൾ പഠിച്ചത്. വാർസിം എസ്.സിയിൽ സീനിയർ തലത്തിൽ അരങ്ങേറ്റം കുറിച്ച ശേഷം, പോർച്ചുഗീസ് ലീഗുകളിൽ ശ്രദ്ധേയനായി. 2019 ൽ പോളണ്ടിലെ ഒളിമ്പിയ ഗ്രുഡ്സിയാൻഡെസുമായി കരാർ ഒപ്പിട്ട് അദ്ദേഹം പോർച്ചുഗലിന് പുറത്തേക്ക് ചേക്കേറി. പോളണ്ടിലെ ടോപ് ഡിവിഷൻ ക്ലബ്ബായ പിയാസ്റ്റ് ഗ്ലിവൈസ്,​ ജെ2 ലീഗിൽ മോണ്ടെഡിയോ യമഗത,ബ്ര​സീലിലെ ബോട്ടഫോഗോ-എസ്.പി, ജപ്പാനിലെ ടോക്കിയോ വെർഡി എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും തിയാഗോ ബൂട്ട് കെട്ടി.

പ്രീസീസൺ ക്യാമ്പ് തുടങ്ങി

സൂപ്പർ കപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ഗോവയിൽ പ്രീസീസൺ ക്യാമ്പിന് തുടക്കമിട്ടു. ഗോവയിലെ പാറാ ഗ്രൗണ്ടിലാണ് പരിശീലനം. കോച്ച് ഡേവിഡ് കറ്റാലക്കൊപ്പം പ്രധാന താരങ്ങളും ഗോവയിലെത്തി. വിദേശ താരങ്ങളായ അഡ്രിയാൻ ലൂണ, നോഹ സദൗയി, ദുസാൻ ലഗതോർ, പുതുതായി ടീമിലെത്തിയ സ്പാനിഷ് സ്‌ട്രൈക്കർ കോൾഡോ ഒബിയേറ്റ എന്നിവരും ടീമിനൊപ്പം ചേർന്നു. ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായി സീനിയർ ഇന്ത്യൻ ദേശീയ ടീമിനൊപ്പമാണ് മദ്ധ്യനിര താരം ഡാനിഷ് ഫാറൂഖ്. യുവതാരങ്ങളായ വിബിൻ മോഹനൻ, കോറോ സിംഗ്, ബികാഷ് യുമ്‌നം, മുഹമ്മദ് സഹീഫ്, മുഹമ്മദ് ഐമൻ, സുമിത് ശർമ, ശ്രീകുട്ടൻ എം.എസ് എന്നിവർ ഇന്ത്യയുടെ അണ്ടർ 23 ടീമിനൊപ്പമായതിനാൽ പിന്നീട് ക്യാമ്പിൽ ചേരും.