വീട്ടമ്മ കഴുത്തിന് മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ; മൃതദേഹം കണ്ടത് ജോലി കഴിഞ്ഞെത്തിയ മകൻ
കോട്ടയം: വീട്ടമ്മയെ കഴുത്തിന് മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം തെള്ളകത്താണ് സംഭവം. തെള്ളകം പൂഴിക്കുന്നേൽ വീട്ടിൽ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസ് (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വീടിന്റെ പുറകുവശത്തെ അടുക്കളയുടെ സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. ലീന മാനസിക വെല്ലുവിളികൾ നേരിട്ടിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്.
ലീനയുടെ മകൻ ജെറിൻ തോമസ് ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്. അമ്മയെ കാണാത്തതിനാൽ ജെറിൻ നടത്തിയ അന്വേഷണത്തിലാണ് ലീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഏറ്റുമാനൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ലീനയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സമീപത്തുനിന്ന് വാക്കത്തിയും കറിക്കത്തിയും കണ്ടെത്തി.
സംഭവസമയം ലീനയുടെ ഭർത്താവ് ജോസ് ചാക്കോയും ഇളയ മകൻ തോമസ് ജോസും വീട്ടിലുണ്ടായിരുന്നു. ഇളയ മകനും മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ ദുരൂഹത സംശയിക്കുന്നതായാണ് പൊലീസ് പറയുന്നത്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റും. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.