പിടിച്ചാൽ കിട്ടാത്ത നിലയിൽ കുതിപ്പ് തുടർന്ന് സ്വർണം; പവന് 91,000 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്ന് വീണ്ടും സർവകാല റെക്കാഡിലെത്തി. പവന് 91,040 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വർണത്തിന് 11, 380 രൂപയും നൽകണം. 160 രൂപയാണ് ഇന്ന് പവന് കൂടിയത്.
ഇന്നലെ രണ്ട് തവണയാണ് വിലയില്‍ മാറ്റം വന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 90,880 രൂപയായിരുന്നു ഇന്നലെ രാവിലത്തെ വില. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 70 രൂപ വര്‍ധിച്ച് 11,360 രൂപയും പവന് 560 രൂപ വര്‍ധിച്ച് 90,880 രൂപയുമായി. രാവിലെ ഗ്രാമിന് 105 രൂപയും പവന് 840 രൂപയും കൂടിയതിന് പുറമെയാണിത്. ഇതോടെ ഇന്നലെ പവന് വര്‍ദ്ധിച്ചത് 1,400 രൂപയാണ്. ഈ വര്‍ഷം ആദ്യം 50,000 രൂപയായിരുന്നു ഒരു പവന് വിലയെങ്കില്‍ ഇന്നിപ്പോൾ അത് 90,000 എന്ന സര്‍വകാല റെക്കാഡും മറികടന്ന് മുന്നേറുകയാണ്.
ഡോളറിന്റെ വിനിമയ നിരക്ക്, അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങള്‍ തുടങ്ങിയവയാണ് സ്വര്‍ണ വില ഇത്തരത്തിൽ വര്‍ദ്ധിക്കുന്നതിന് കാരണമായി പറയപ്പെടുന്നത്. ഒരു പവന് 91,040 രൂപയാണ് നിരക്കെങ്കിലും ആഭരണമായി വാങ്ങണമെങ്കിൽ ഇപ്പോള്‍ തന്നെ ഒരു ലക്ഷം രൂപയ്ക്ക് അടുത്ത് നൽകേണ്ടതായി വരും. ഫെഡ് നിരക്ക് കുറക്കുന്നതും വിപണിയിലെ ഡിമാന്‍ഡും കണക്കിലെടുത്താല്‍ സ്വര്‍ണവില ഇനിയും വര്‍ദ്ധിക്കാനാണ് സാദ്ധ്യത. ട്രോയ് ഔണ്‍സിന് 5,000 ഡോളറിലേക്ക് അധികം വൈകാതെ എത്താനും സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.