ചികിത്സയിലുള്ള ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവം; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവും മരിച്ചു
തിരുവനന്തപുരം: ആശുപത്രിയിൽ വച്ച് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവും മരിച്ചു. കരകുളം സ്വദേശി ഭാസുരനാണ് (73) മരിച്ചത്. പട്ടം എസ്‌യുടി ആശുപത്രിയിൽ ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്.
ഡയാലിസിസ് ചികിത്സയിലായിരുന്ന ജയന്തിയെ (62) കൊന്നശേഷം ഇയാൾ അഞ്ചാംനിലയിൽ നിന്ന് ചാടുകയായിരുന്നു. ആശുപത്രിയുടെ അകത്ത് സ്റ്റെയർകെയ്സിന് അടുത്തായാണ് ഭാസുരൻ വീണത്. ഉടൻതന്നെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഒക്ടോബർ ഒന്നുമുതൽ ജയന്തി ഈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൂടെ ഭാസുരനാണ് ഉണ്ടായിരുന്നത്. ഇലക്ട്രിക് ബെഡ് ചാർജ് ചെയ്യാനുപയോഗിക്കുന്ന കേബിൾ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഒരു വർഷത്തോളമായി ജയന്തി ഡയാലിസിസ് ചികിത്സയിലാണ്. ജയന്തിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിന് വലിയ രീതിയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.