ഇനി ആ നേട്ടം അംബാനിക്കില്ല; ആന്റിലിയയെ വെല്ലുന്ന ആഡംബര കെട്ടിടത്തിന്റെ ഉടമ ആരും പ്രതീക്ഷിക്കാത്തയാൾ

Thursday 09 October 2025 11:29 AM IST

മുംബയ്: ഏഷ്യയിലെ തന്നെ ശതകോടീശ്വരൻമാരിലൊരാളായ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയും കുടുംബവും മുംബയിലെ ആൾട്ടാമൗണ്ട് റോഡിൽ സ്ഥിതി ചെയ്യുന്ന ആന്റിലിയയെന്ന ആഡംബര ഭവനത്തിലാണ് താമസിക്കുന്നത്. ഇന്ത്യയിലെ ധനികരായ വ്യവസായികളും പ്രമുഖരുമാണ് ആൾട്ടാമൗണ്ട് റോഡ് മേഖലയിൽ താമസിക്കുന്നത്. ലോകത്തിലെ തന്നെ ഏ​റ്റവും വിലയേറിയ ആഡംബര കെട്ടിടങ്ങളിലൊന്നാണ് ആന്റിലിയ.

15,000 കോടി മുതൽമുടക്കിൽ നിർമിച്ച ഈ 27 നില കെട്ടിടം എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഏ​റ്റവും ഉയരമുളള ആഡംബര കെട്ടിടമെന്ന പ്രത്യേകതയും ആന്റിലിയയ്ക്കുണ്ടായിരുന്നു. എന്നാൽ ഈ വിശേഷണങ്ങളെയെല്ലാം വെല്ലുന്ന തരത്തിലുളള പുതിയ കെട്ടിടം ആന്റിലിയയുടെ എതിർവശത്തായി ഉയർന്നുവന്നിരിക്കുകയാണ്.

27 നിലകളാണ് ആന്റിലിയയ്ക്കുളളതെങ്കിൽ 43 നിലകളുള്ളതാണ് പുതിയ കെട്ടിടം. ലോധ ഗ്രൂപ്പിന്റെ സ്ഥാപകനായ മംഗൾ പ്രഭാത് ലോധ എന്ന ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. ബിജെപിയുടെ പ്രമുഖ നേതാവും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ മംഗൾ പ്രഭാത് ലോധ ആഡംബര കെട്ടിട പ്രൊജക്ടുകളാണ് ചെയ്യാറുളളത്. നീന്തൽക്കുളം, ജിം, സ്‌പാ ഫാസ്റ്റ് ലിഫ്റ്റുകൾ എന്നിവ ഈ വസതിയിലുണ്ട്. കെട്ടിടത്തിൽ 52 ആഡംബര അപ്പാർട്ട്‌മെന്റുകളും ഉൾക്കൊളളിച്ചിട്ടുണ്ട്. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഈ കെട്ടിടം മുഴുവൻ കറുത്ത ഗ്ലാസ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് ആധുനികവും ആകർഷകവുമായ രൂപം നൽകുന്നു.

നിലവിൽ, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ 68-ാമത്തെ കെട്ടിടമാണിത്. ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ബഹുനില കെട്ടിടങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഇത് ശ്രദ്ധേയമായ നേട്ടമാണ്. ഫോബ്‌സിന്റെ കണക്കനുസരിച്ച് 12 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള മംഗൾ പ്രഭാത് ലോധ ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളാണ്. മുംബയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതാണ്.