അഞ്ച് വയസുവരെയുള്ള കുട്ടികൾക്ക് എത്രസമയം ഫോൺ നൽകാം? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കാൻ പോകുന്നത്

Thursday 09 October 2025 11:43 AM IST

ആലപ്പുഴ: ബോധവത്കരണം ഊർജിതമായി തുടരുമ്പോഴും കുട്ടികളിലെ ഡിജിറ്റൽ അടിമത്തം

കാര്യമായി കുറഞ്ഞിട്ടില്ലെന്ന് വിദഗ്ദ്ധരുടെ അഭിപ്രായം. രക്ഷകർത്താക്കളിലെ ഡിജിറ്റൽ സാക്ഷരത, മാനസികാരോഗ്യ സാക്ഷരത, നിയമ സാക്ഷരത എന്നിവയിലെ പരിമിതികളാണ് കുട്ടികളെ ഡിജിറ്റൽ അടിമത്തത്തിലേക്ക് തള്ളിവിടുന്നതെന്നാണ് അവർ പറയുന്നത്.

രണ്ടുവയസുവരെയുള്ള കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ നൽകരുത്. മൂന്നുവയസുവരെയുള്ള കുട്ടികൾക്ക് ഒരുദിവസം അരമണിക്കൂർ മാത്രമേ അനുവദിക്കാവു. മൂന്നുമുതൽ അഞ്ചുവയസുവരെയുള്ളവ‌ർക്ക് ഒരുദിവസം ഒരുമണിക്കൂറും ആറുമുതൽ 18 വയസുവരെയുള്ളവർക്ക് പരമാവധി രണ്ടുമണിക്കൂറും മാത്രമേ ഡിജിറ്റൽ ഉപകരണങ്ങൾ നൽകാവു. നിശ്ചയിച്ച പരിധിയിൽ കൂടുതൽ കുട്ടി ഉപയോഗിക്കുന്നുവെങ്കിൽ അടുത്ത ദിവസം നൽകാതിരിക്കുകയാണ് വേണ്ടതെന്നും വിദഗ്ദ്ധർ പറയുന്നു.

ലഹരിക്ക് അടിമപ്പെടാനും സാദ്ധ്യത

 ഡിജിറ്റൽ ഉപകരണമുണ്ടെങ്കിൽ എത്ര മണിക്കൂർ വേണമെങ്കിലും അതിൽ ചെലവഴിക്കും. ഇതു കാരണം വൈകാരിക പ്രകടനങ്ങൾ നടത്താനും വൈകാരിക അവസ്ഥകൾ മനസിലാക്കി പ്രതികരിക്കാനുമുള്ള ശേഷി കുട്ടികൾക്ക് നഷ്ടമാകും. ഇതിലൂടെ സാമൂഹമായുള്ള ബന്ധം നഷ്ടമാകുന്നുവെന്നതാണ് പ്രധാനം

 ഡിജിറ്റൽ ഉപയോഗം കാരണം വളരെ വൈകി ഉറങ്ങുകയും വൈകി ഏഴുന്നേൽക്കുകയും ചെയ്യുന്നു. ഇത് ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ്, അമിത ദേഷ്യം, ആക്രമണ സ്വഭാവം, ചിന്തകളുടെ വേഗത കുറയുന്ന അവസ്ഥ, വിഷാദം, ആത്മഹത്യ പ്രവണത എന്നിവയിലേക്ക് കുട്ടികളെ എത്തിക്കും

 കാർട്ടൂൺ, ഓൺലൈൻ ഗെയ്മുകൾ, റീൽസടക്കമുള്ളവ കാണുന്നതിനാൽ കുട്ടികൾക്ക് ചുരുങ്ങിയ നേരമുള്ള സംവേദനങ്ങൾ മാത്രമേ ശ്രദ്ധയോടെ കാണാൻ പറ്റൂ. പഠനകാര്യം, നേ‌രിട്ടുള്ള ആശയവിനിമയം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവാത്ത അവസ്ഥ എത്തും. ഇത്തരം കുട്ടികൾ ലഹരിക്ക് അടിമപ്പെടാനുള്ള സാദ്ധ്യതയും ഏറെയാണ്

 ബോധവത്കരണം കൊണ്ടുമാത്രം ഡിജിറ്റൽ ഉപയോഗത്തിന്റെ അളവ് കുറക്കാൻ സാധിക്കില്ല. പകരം ജീവിത നിപുണത വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. മാത്രമല്ല,​ ഇത് പ്രവ‌ർത്തനങ്ങളിലൂടെ നൽകുകയും വേണം.ഇതിന്റെ മൊഡ്യൂൾ എസ്.സി.ഇ.ആ‌ർ.ടി ഉല്ലാസ പറവകൾ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

സിലബസുകൾക്ക് അതീതമായി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ജീവിത നിപുണത വിദ്യാഭ്യാസം നടപ്പിലാക്കിയാൽ ഡിജിറ്റൽ അടിമത്തം ഒറുപരിധിവരെ നിയന്ത്രിക്കാനാവും

ഡോ.അരുൺ ബി. നായർ,​

പ്രഫസർ ഒഫ് സൈക്യാട്രി,​

മെഡിക്കൽ കോളേജ്, തിരുവനന്തപുരം