'ആദ്യമായി ലഭിച്ചത് 22,000രൂപ, ഇപ്പോൾ മാസശമ്പളം രണ്ട് ലക്ഷം'; യുവാവിന്റെ ജോലി അന്വേഷിച്ച് സോഷ്യൽ മീഡിയ
ജീവിതത്തിൽ വിജയിക്കുകയെന്നത് പെട്ടെന്ന് സംഭവിക്കുന്ന കാര്യമല്ലെന്ന് പല നടൻമാരും സിനിമകളിൽ പറയുന്നത് കേട്ടിട്ടുണ്ടാകുമല്ലോ? പത്തുവർഷം കൊണ്ട് ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരു യുവാവ് അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയുണ്ടായി. റെഡിറ്റിലുളള ആ പോസ്റ്റാണ് ഇപ്പോൾ പലർക്കും പ്രചോദനമായി മാറിയിരിക്കുന്നത്.
പത്തുവർഷം കൊണ്ട് തനിക്കുലഭിക്കുന്ന ശമ്പളത്തിലുണ്ടായ വർദ്ധനവിനെക്കുറിച്ചാണ് യുവാവ് പറഞ്ഞിരിക്കുന്നത്. പത്തുവർഷം മുൻപ് തനിക്ക് 22,000 രൂപയാണ് മാസശമ്പളമായി ലഭിച്ചിരുന്നതെന്നും ഇപ്പോഴത് 2.2 ലക്ഷമായി മാറിയെന്നും പോസ്റ്റിലുണ്ട്. ജീവിതത്തിൽ തനിക്കുണ്ടായ വളർച്ചയെക്കുറിച്ചും യുവാവ് പറയുന്നുണ്ട്. നിമിഷങ്ങൾക്കുളളിൽ ഈ പോസ്റ്റ് പലരുടെയും ശ്രദ്ധപിടിച്ചുപറ്റുകയായിരുന്നു.
'ആദ്യകാലങ്ങളിൽ താൻ സാങ്കേതിക വൈദഗ്ധ്യം ആവശ്യമില്ലാത്ത ജോലിയിലാണ് പ്രവേശിച്ചത്. അന്ന് 22,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. എന്നാൽ അടുത്ത മൂന്ന് വർഷം കൊണ്ട് ശമ്പളത്തിൽ വർദ്ധനവുണ്ടായി. ആറ് വർഷത്തിനുളളിൽ ശമ്പളം 40,000 രൂപയായി. ആ സമയത്ത് എനിക്ക് ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചും വലിയ ധാരണ ഉണ്ടായിരുന്നില്ല. പിന്നീടാണ് ഞാൻ കൂടുതൽ ആത്മാർത്ഥതയോടെ ജോലി ചെയ്യാൻ ആരംഭിച്ചത്. അങ്ങനെ ശമ്പളം വീണ്ടും വർദ്ധിച്ച് 2.2 ലക്ഷമായി മാറി. ഇത് എന്റെ ഭാഗ്യം കൊണ്ടുമാത്രമുണ്ടായതല്ല. സ്ഥിരമായ കഠിനാധ്വാനം കൊണ്ട് സംഭവിച്ചതാണ്. പലർക്കും ഇതിലൊരു പുതുമ കണ്ടെത്താൻ സാധിക്കില്ലായിരിക്കും. എന്നിരുന്നാലും എന്നെപ്പോലെയുളള സാധാരണക്കാർക്ക് ഇതൊരു പ്രചോദനമാകും'- യുവാവ് പോസ്റ്റിൽ കുറിച്ചു.
പോസ്റ്റിന് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ യുവാവിനെ അഭിനന്ദിക്കുന്നുണ്ട്. ചിലർ യുവാവിന്റെ ജോലി എന്താണെന്ന് ചോദിക്കുന്നുണ്ട്. എന്നാൽ മറ്റൊരു ഉപയോക്താവ് തനിക്കുണ്ടായ അനുഭവവും പങ്കുവച്ചു.