'എയിംസിന് ആലപ്പുഴയിൽ സ്ഥലം ഏറ്റെടുത്ത് രേഖാമൂലം അറിയിക്കണം'; ബാക്കി കാര്യം അപ്പോൾ നോക്കാമെന്ന് സുരേഷ് ഗോപി

Thursday 09 October 2025 12:38 PM IST

തൃശൂർ: കേരളത്തിൽ എയിംസ് വരുന്നതിൽ വീണ്ടും പ്രതികരണവുമായി സുരേഷ് ഗോപി എംപി. ആലപ്പുഴയിൽ സ്ഥലം ഏറ്റെടുത്ത് സർക്കാർ രേഖാമൂലം അറിയിക്കുകയാണെങ്കിൽ അതിനുവേണ്ട നടപടികൾ ചെയ്യാമെന്നാണ് സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞത്. ആലപ്പുഴയിൽ സ്ഥലം നൽകാമെന്ന് മന്ത്രി സജി ചെറിയാൻ വാക്കാൽ അറിയിച്ചിട്ടുണ്ടല്ലോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിൽ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

'ഇക്കാര്യം 2016 മുതൽ പറയുന്നതാണ്. ആലപ്പുഴയിൽ സ്ഥലം നൽകാൻ തയ്യാറാണെന്ന് സ‌ർക്കാർ എഴുതിതന്നാൽ ബാക്കി കാര്യം അന്നേരം നോക്കാം. തൃശൂരും ഉൾപ്പെടുത്തണം. ഉചിതമായ സ്ഥലത്ത് ഉചിതമായ സമയത്ത് എയിംസ് വരുമെന്നാണ് ജെ പി നദ്ദ പറഞ്ഞത്. വാക്കാൽ പറഞ്ഞതുകൊണ്ട് കാര്യമില്ല. രേഖാമൂലം അറിയിച്ചാൽ തുടർനടപടികൾ ഉണ്ടാകും'- സുരേഷ് ഗോപി വ്യക്തമാക്കി. കൊല്ലത്ത് ബി.ജെ.പി സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യവേയാണ് എയിംസ് വിഷയത്തിൽ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ ജെ പി നദ്ദ പ്രതികരിച്ചത്.

എയിംസ് വിഷയത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് പൂർണപിന്തുണ ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ സുരേഷ് ഗോപി പറഞ്ഞിരുന്നു. എയിംസ് ആലപ്പുഴയിൽ തന്നെ സ്ഥാപിക്കണം. വികസന കാര്യങ്ങളിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് പിന്നോക്കം നിൽക്കുന്ന ആലപ്പുഴയെ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

'13 ജില്ലകളെടുത്ത് പരിശോധിച്ചാൽ ഇടുക്കിയേക്കാൾ പിന്നിലാണ് ആലപ്പുഴ. ഈ ജില്ല വലിയ ദുരിതമാണ് നേരിടുന്നത്. അതിനാൽ, ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്നത് ഈ നാടിന്റെ വികസനത്തിന് അനിവാര്യമാണ്. എയിംസ് ആലപ്പുഴയിൽ തന്നെ വരണം. ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ആലപ്പുഴയിൽ എയിംസ് വേണ്ടെന്ന് ആരെങ്കിലും വാദിച്ചാൽ അത് നിർബന്ധമായും തൃശൂരിൽ കൊണ്ടുവരും'- എന്നാണ് സുരേഷ് ഗോപി മുൻപ് പറഞ്ഞത്.