പ്രസവവേദന മുതൽ കുഞ്ഞ് പുറത്തുവരുന്നതുവരെ ലൈവായി കാണിച്ചു; ഇത്തരമൊന്ന് ലോകത്ത് ആദ്യം, കണ്ടത് ആയിരങ്ങൾ

Thursday 09 October 2025 1:08 PM IST

ആരാധകൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ ലൈവായി പ്രസവിച്ച് പ്രശസ്ത വീഡിയോ ഗെയിം സ്ട്രീമറും ഇൻഫ്ലുവൻസറുമായ മുപ്പതുകാരി ഫാണ്ടി. അടുത്ത കൂട്ടുകാരും ബന്ധുക്കളും ചുറ്റിലും ആരാധകർ ലോകത്തിന്റെ പലഭാഗത്തിരുന്നുമാണ് പ്രസവം ലൈവായി കണ്ടത്. പ്രസവവേദന ഉണ്ടാകുന്നതുമുതൽ കുഞ്ഞ് പുറത്തേക്കുവരുന്നതുവരെയുള്ള ദൃശ്യങ്ങളാണ് ലൈവായി കാണിച്ചത്. ആയിരക്കണക്കിനുപേരാണ് പ്രസവം തൽസമയം കണ്ടത്.

വീടിനുള്ളിൽ സജ്ജീകരിച്ച പ്രത്യേക മുറിയാണ് പ്രസവത്തിനായി സജ്ജീകരിച്ചിരുന്നത്. ഡോക്ടറുടെ സേവനവും പ്രസവത്തിനിടെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാകാതിരിക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു. ചുറ്റിലുമുണ്ടായിരുന്നവരെല്ലാം ഫാണ്ടിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. ഭർത്താവ് ആദം സദാസമയവും ആശ്വാസവാക്കുകളുമായി ഫാണ്ടിക്ക് തൊട്ടടുത്തുതന്നെയുണ്ടായിരുന്നു. സുഖപ്രസവം കഴിഞ്ഞപ്പോൾ എല്ലാവരും അമ്മയെ അഭിനന്ദിക്കുകയും ചെയ്തു. അമ്മയ്ക്കും കുഞ്ഞിനും സുഖമാണെന്നാണ് റിപ്പോർട്ട്.

താൻ ലൈവായി പ്രസവിക്കാൻ പോകുന്ന വിവരം ഫാണ്ടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. എട്ടുമണിക്കൂറോളമാണ് ലൈവ് നീണ്ടുനിന്നത്. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ലൈവ് പ്രസവമെന്നാണ് റിപ്പോർട്ട്. ഇത്തരമൊരു വീഡിയോ ചെയ്യാൻ ധൈര്യപ്പെട്ടതിന് ഫാണ്ടിക്ക് അഭിനന്ദന പ്രവാഹമാണ്.

മുപ്പതുകാരി ഫാണ്ടി അമേരിക്കയിലെ ടെക്സാസിലാണ് താമസിക്കുന്നത്. ഫാണ്ടി എന്നാണ് അറിയപ്പെടുന്നതെങ്കിലും കാഡി എന്നാണ് യഥാർത്ഥ പേര്. 2015 മുതലാണ് സ്ട്രീമിംഗ് തുടങ്ങിയത്. ലൈവ് പ്രസവത്തിനുമുമ്പുതന്നെ ലക്ഷക്കണക്കിന് ഫോളേവേഴ്സാണ് ഫാണ്ടിക്ക് ഉണ്ടായിരുന്നത്. പ്രസവം കഴിഞ്ഞതോടെ ഫോളേവേഴ്‌സിന്റെ എണ്ണം വീണ്ടും കുതിച്ചുയർന്നു.