നിയമസഭയിലെ പ്രതിഷേധം: വാച്ച് ആൻഡ് വാർഡിനെ മർദിച്ച മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

Thursday 09 October 2025 1:42 PM IST

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിലുണ്ടായ പ്രതിഷേധത്തിനിടെ ചീഫ് മാർഷലിനെ മർദിച്ച സംഭവത്തിൽ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. അങ്കമാലി എംഎൽഎ റോജി എം ജോൺ, കോവളം എംഎൽഎ എം വിൻസെന്റ്,ചാലക്കുടി എംഎൽഎ സനീഷ്‌കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻഡുചെയ്തത്. ഇതുസംബന്ധിച്ച് പാർലമെന്ററികാര്യമന്ത്രി എം ബി രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു.

പ്രതിപക്ഷ പ്രതിഷേധം അതിരുകടന്നെന്നും പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചീഫ് മാർഷലിന് ശസ്ത്രക്രിയ വേണമെന്നും മന്ത്രി രാജേഷ് നിയമസഭയിൽ പറഞ്ഞു. വാച്ച് ആൻഡ് വാർഡുമാർക്കെതിരെ തുടർച്ചയായി പ്രതിപക്ഷ എംഎൽഎമാരുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുന്നു, സഭാ നടപടിക്ക് യോജിക്കാത്ത നിലയ്ക്കുള്ള പ്രവർത്തനങ്ങളും പ്രതികരണങ്ങളുമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്നും പ്രമേയത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.

സ്വർണപ്പാളി വിവാദത്തിൽ തുർടച്ചയായി നാലാംദിവസമാണ് സഭ കലുഷിതമാകുന്നത്. ഇന്നും പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ നിറുത്തിവച്ചു. നാടകീയമായ രംഗങ്ങൾക്കാണ് സഭ ഇന്ന് സാക്ഷ്യംവഹിച്ചത്.ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി രാജിവയ്ക്കുംവരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ ബഹളവുമായി നടുത്തളത്തിലിറങ്ങിയതോടെ വാച്ച് ആൻഡ് വാർഡും രംഗത്തെത്തി. പ്രതിപക്ഷം ഉയർത്തിയ ബാനർ സ്പീക്കറുടെ നിർദേശത്തെത്തുടർന്ന് പിടിച്ചുവാങ്ങാൻ ശ്രമിച്ചതോടെ പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാർഡും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഭരണപക്ഷ അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും സ്പീക്കർ അത് തടസപ്പെടുത്തി.