ജൈറ്റെക്‌സിൽ താരങ്ങളാകാൻ 28 മലയാളി ഐ.ടി കമ്പനികൾ

Friday 10 October 2025 12:02 AM IST

കൊച്ചി: ദുബായിൽ നടക്കുന്ന ജൈറ്റെക്‌സ് ഗ്ലോബൽ 2025 പ്രദർശനത്തിൽ കേരളത്തിലെ 28 ടെക് കമ്പനികൾ പങ്കെടുക്കും. കമ്പനികൾ അവരുടെ നൂതനമായ ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കും.

കേരള ഐ.ടി വകുപ്പിന്റെയും ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയായ ജി ടെക്കിന്റെയും നേതൃത്വത്തിലാണ് 28 ഐ.ടി, ഐ.ടി അനുബന്ധ കമ്പനികളുടെ സംഘം ജൈറ്റെക്‌സ് ഗ്ലോബലിൽ പങ്കെടുക്കുന്നത്.

ഈ മാസം 13 മുതൽ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് മേള. 96 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഹാളിലാണ് കേരളത്തിലെ ഐ.ടി സംഘത്തിന്റെ പ്രദർശനം. മേളയിൽ പങ്കെടുക്കുന്നതിലൂടെ ആഗോള സാങ്കേതികവിദ്യാ രംഗത്ത് വളർന്നുവരുന്ന കേന്ദ്രമായി കേരളത്തിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുകയും അന്താരാഷ്ട്ര വിപണിയിൽ വളർച്ചയ്ക്കുള്ള പുതിയ വഴികൾ സൃഷ്ടിക്കുകയുമാണ് ജി.ടെക്കിന്റെ ലക്ഷ്യം.

സംസ്ഥാന സർക്കാരുമായി സഹകരിച്ച് ഐ.ടി, ബിസിനസ് പ്രോസസ് മാനേജ്‌മെന്റ് സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്ന സംഘടനയാണ് ജി.ടെക്. നൂതനമായ സ്റ്റാർട്ടപ്പുകൾ, ചെറുകിട ഇടത്തരം കമ്പനികൾ, വൻകിട തദ്ദേശീയ കമ്പനികൾ, അന്താരാഷ്ട്ര ഭീമന്മാർ എന്നിവയുൾപ്പെടെ മുന്നൂറിലേറെ കമ്പനികൾ ജി.ടെക്കിൽ അംഗങ്ങളാണ്.

ജൈറ്റെക്‌സ് ഗ്ലോബൽ 2025 മേളയിലൂടെ ബിസിനസ് ബന്ധങ്ങൾ സൃഷ്ടിക്കാൻ കേരളത്തിലെ ഐടി കമ്പനികൾക്ക് കഴിയും

വി. ശ്രീകുമാർ

ജി.ടെക് സെക്രട്ടറി

180 രാജ്യങ്ങളിലെ വ്യവസായപ്രമുഖർ, നൂതനാശയക്കാർ, നിക്ഷേപകർ, ഉപഭോക്താക്കൾ എന്നിവർ ജൈറ്റെക്‌സിൽ പങ്കെടുക്കും. കേരളത്തിലെ ടെക് കമ്പനികൾക്ക് അത്യാധുനിക സേവനങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരം ലഭിക്കും.

മനു മാധവൻ

ഫോക്കസ് ഗ്രൂപ്പ് കൺവീനർ

ജി.ടെക് ബിസിനസ്

ഡെവലപ്‌മെന്റ്