അന്റാർട്ടിക്കയിലേക്ക് മലയാളി ഗവേഷകനും

Friday 10 October 2025 12:14 AM IST
ഡോ. ടോംസ് സി. ജോസഫ്

കൊച്ചി: ഇന്ത്യയുടെ അന്റാർട്ടിക്കയിലേയ്ക്കുള്ള 45-ാമത് ശാസ്ത്ര പര്യവേഷണ സംഘത്തിൽ മലയാളി ശാസ്ത്രജ്ഞനും. കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജിയിലെ (സിഫ്‌റ്റ്) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടോംസ് സി. ജോസഫിനെയാണ് തെരഞ്ഞെടുത്തത്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചാണ് പര്യവേഷണം സംഘടിപ്പിക്കുന്നത്. ദുർബലമായ അന്റാർട്ടിക് ആവാസവ്യവസ്ഥയിൽ മൈക്രോപ്ലാസ്റ്റിക്കുകൾ എങ്ങനെ രോഗകാരികളുടെയും ആന്റിമൈക്രോബിയൽ പ്രതിരോധ ജീനുകളുടെയും വാഹകരാകും എന്നതിനെക്കുറിച്ചാകും ഡോ. ടോംസ് പഠനം നടത്തുക. മൈക്രോപ്ലാസ്റ്റിക് മലിനീകരണം പരിസ്ഥിതിക്കും മനുഷ്യനുമുണ്ടാക്കുന്ന ഭീഷണിയെക്കുറിച്ച് മനസിലാക്കാൻ പഠനത്തിലെ കണ്ടെത്തലുകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. ടോംസ് പറഞ്ഞു.