ഹർഷിത് റാണയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയതെന്തിന്?; സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് അശ്വിൻ
മുംബയ്: ഇന്ത്യൻ ക്രക്കറ്റ് ടീമിന്റെ എല്ലാ ഫോർമാറ്റിലേക്കും യുവ പേസർ ഹർഷിത് റാണയെ ഉൾപ്പെടുത്തിയതിനെതിരെ സംശയം ഉന്നയിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. ബൗളറുടെ പ്രത്യേക കഴിവ് അശ്വിൻ അംഗീകരിക്കുന്നുണ്ടെങ്കിലും എട്ടാം നമ്പറിൽ ബാറ്റുചെയ്യാനുള്ള റാണയുടെ കഴിവിനെയും സ്ഥിരതയെയുക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഒക്ടോബർ 19ന് ഓസ്‌ട്രേലിയയിൽ ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള ഏകദിന ട്വന്റി 20 ടീമുകളിലാണ് ഹർഷിത് റാണയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിൽ സംശയം പ്രകടിപ്പിച്ചത്. കഴിഞ്ഞ വർഷം മുതൽ പത്ത് മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകൾ മാത്രം നേടിയ ഒരു താരത്തെ എന്തിനാണ് എല്ലാ ഫോർമാറ്റുകളിലേക്കും തിരഞ്ഞെടുക്കുന്നതെന്ന് അറിയാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് അശ്വിൻ വ്യക്തമാക്കി. "അവർ എന്തിനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇതിനു പിന്നിലെ കാരണം അറിയാൻ സെലക്ഷൻ കമ്മിറ്റിയിൽ ഉണ്ടാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്," -അശ്വിൻ പറഞ്ഞു.
'എന്റെ അഭിപ്രായത്തിൽ ഓസ്‌ട്രേലിയയിൽ ബാറ്റുചെയ്യാൻ കഴിയുന്ന ഫാസ്റ്റ് ബൗളറെ ടീമിന് ആവശ്യമുണ്ട്. റാണയ്ക്ക് ബാറ്റുചെയ്യാനാകുമെന്ന് ആരോ വിശ്വസിക്കുന്നു, അതുകൊണ്ടാണ് എട്ടാം നമ്പർ സാദ്ധ്യത മുന്നിൽ കണ്ട് റാണയെ തിരഞ്ഞെടുത്തിരിക്കുന്നത്. പക്ഷേ റാണയുടെ കാര്യത്തിൽ യാതൊരുവിധ ഉറപ്പുമില്ല'. - അശ്വിൻ പറയുന്നു.
2024 ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി 11 ഇന്നിംഗ്‌സുകളിൽ നിന്ന് 19 വിക്കറ്റുകൾ നേടിയ പ്രകടനമാണ് റാണയ്ക്ക് വഴിത്തിരിവായത്. ടീമിന്റെ കിരീട വിജയത്തിൽ വിക്കറ്റ് വേട്ടയിൽ രണ്ടാമനായിരുന്നു റാണ. എന്നാൽ ഈ പ്രകടനം മാത്രം മതിയാകുമോ എന്നും അശ്വിൻ ചോദിക്കുന്നുണ്ട്. രണ്ട് വർഷം മുൻപ് ഐപിഎൽ ഫൈനലിൽ അദ്ദേഹം എറിഞ്ഞ ഒരു കിടിലൻ പന്ത് എഡ്ജിൽ തട്ടി പറന്നുപോയിരുന്നു. ആ ഒരൊറ്റ ഡെലിവറിക്ക് വേണ്ടിയാണ് റാണ ഇത്രയും കാലം കളിച്ചത്. റാണയുടെ സ്ഥിരതയില്ലായ്മയെക്കുറിച്ചും അശ്വിൻ സൂചിപ്പിച്ചു.
തനിക്ക് സംശയങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും റാണയുടെ കഴിവിനെക്കുറിച്ചും അദ്ദഹം പ്രത്യേകം എടുത്തു പറഞ്ഞു. "മിക്കവരും അവരുടെ ഊഹങ്ങളെ അടിസ്ഥാനമാക്കിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. പക്ഷേ കളിക്കളത്തിൽ നേരിട്ട് വരുമ്പോൾ മാത്രമേ നമുക്ക് യഥാർത്ഥത്തിൽ കാര്യങ്ങൾ മനസിലാകൂ.-അശ്വിൻ കൂട്ടിച്ചേർത്തു.