സീപോർട്ട് - എയർപോർട്ട് റോഡ്: ഭൂമി ഏറ്റെടുക്കൽ വേഗത്തിലായി

Friday 10 October 2025 12:53 AM IST
സീപോർട്ട് - എയർപോർട്ട് റോഡ് കടന്നുപോകുന്ന എടയപ്പുറം ടൗൺഷിപ്പ് റോഡിന്റെ ഭാഗം

ആലുവ: സീപോർട്ട് - എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ടം ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലായി. ഇതിന്റെ ഭാഗമായി 67 പേർക്ക് കൂടി ഹിയറിംഗിന് നോട്ടീസ് അയച്ചു. ഈ മാസം 28 മുതൽ നവംബർ അഞ്ച് വരെയാണ് ഹിയറിംഗ്. പരാതികളില്ലെങ്കിൽ ഒരു മാസത്തിനകം നഷ്ടപരിഹാരത്തുക കൈമാറും.

ഇതിനകം 240 പേർക്കാണ് നഷ്ടപരിഹാരം നൽകിയത്. നവംബർ രണ്ടാംവാരം 20 പേർക്ക് കൂടി ഹിയറിംഗിന് നോട്ടീസ് നൽകും. നവംബർ 30നകം 325ഓളം പേർക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെയുള്ള കണക്കുകൾ പ്രകാരം നഷ്ടപരിഹാരം ലഭിക്കേണ്ട ഭൂവുടമകൾ 469 ആയിരുന്നു. എന്നാൽ പുതിയ കണക്ക് പ്രകാരം 500ൽ കൂടുതൽ ഭൂവുടമകളുണ്ട്. ഒക്ടോബറിൽ നഷ്ടപരിഹാര വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഒരു മാസം കൂടി നീളാൻ സാദ്ധ്യതയുണ്ടെന്ന് കിഫ്ബി തഹസിൽദാർ ആർ. ഹരികുമാർ 'കേരളകൗമുദി'യോട് പറഞ്ഞു.

ഏറ്റെടുക്കുന്ന 52 പേരുടെ ഭൂമി രൂപരേഖയിലെ പിഴവ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പിന്നീട് ശരിയായ രൂപരേഖ തയ്യാറാക്കി ബി.വി.ആർ ലഭിച്ചെങ്കിലും ഇനിയും 20ഓളം പേരുടേതിന് ഡി.വി.എസ് ലഭിക്കാനുണ്ട്.

രണ്ടാം റീച്ചിൽപ്പെട്ട എൻ.എ.ഡി മുതൽ മഹിളാലയം വരെയുള്ള ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ 569 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 2024 ഡിസംബർ ഏഴിന് സർക്കാർ പണം അനുവദിച്ചപ്പോൾ നാല് മാസത്തിനകം നഷ്ടപരിഹാര തുക വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.

വൈകുന്നത് സർക്കാരിന് നഷ്ടം

ഭൂമി ഏറ്റെടുക്കൽ വൈകുന്നത് സർക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നോട്ടിഫിക്കേഷൻ ഇറക്കിയ 2020 മുതൽ 12 ശതമാനം പലിശയും നഷ്ടപരിഹാരത്തിനൊപ്പം ഭൂവുടമകൾക്ക് നൽകണം.