സഹസ്രദളപത്മം വിരിഞ്ഞു ശാരദ ടീച്ചറുടെ വീട്ടുമുറ്റത്ത്

Friday 10 October 2025 1:07 AM IST
വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ വിരിഞ്ഞ സഹസ്രദളപത്മത്തിനരികെ ശാരദ ടീച്ചർ

പെരുമ്പാവൂർ: ഒരാഴ്ചയ്ക്കിടെ രണ്ട് അപൂർവ സഹസ്രദളപത്മങ്ങൾ (ആയിരമിതളുള്ള താമര) വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ വിരിഞ്ഞ സന്തോഷത്തിലാണ് കൂവപ്പടി മദ്രാസ് കവലയ്ക്കടുത്ത് ലക്ഷ്മി ഭവനിൽ കെ.കെ. ശാരദക്കുഞ്ഞമ്മ ടീച്ചർ. വിരിഞ്ഞ രണ്ടു പൂവുകൾക്കും ചുവപ്പു നിറമായിരുന്നു. വേങ്ങൂർ മാർ കൗമ ഹൈസ്‌കൂളിൽ നിന്ന് സംഗീതാദ്ധ്യാപികയായി വിരമിച്ച 80 വയസുള്ള ശാരദ ടീച്ചർ തന്റെ പൂന്തോട്ടത്തിൽ താമരകൾക്ക് സ്ഥാനം നൽകിയിട്ട് നാലുവർഷത്തോളമായി. 2000ൽ വിരമിച്ചശേഷം കൃഷിയും പൂന്തോട്ട പരിപാലനവുമാണ് ടീച്ചറുടെ ജീവിതം.

സാധാരണ താമരപ്പൂക്കൾ മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സഹസ്രദളപത്മം വിരിഞ്ഞത്. കേരളത്തിന്റെ കാലാവസ്ഥയിൽ വളരെ അപൂർവമായി മാത്രമാണ് ഇവ പുഷ്പിക്കുന്നത്. നെലുംബോ നുസിഫെറ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ആയിരമിതളുകളുള്ള താമര ഏഷ്യൻ ലോട്ടസ് എന്ന പേരിലും അറിയപ്പെടുന്നു.

വയലിൽ നിന്നെടുക്കുന്ന ചെളിയിൽ വിത്തു പാകി മുളപ്പിച്ചും തൈകൾ വാങ്ങി നട്ടും ടീച്ചർ പരീക്ഷണങ്ങൾ പലതും നടത്തിയത്തിനൊടുവിലാണ് ഈ വിസ്മയപത്മം വിടർന്നത്.

പ്ലാസ്റ്റിക് ബേസിനിൽ നട്ടിട്ടുള്ള താമരകൾക്ക് ചാണകപ്പൊടിയും എല്ലുപൊടിയും മാത്രമാണ് വളമായി നൽകുന്നത്.

ലക്ഷ്മീദേവിയുടെ ഇരിപ്പിടമായി പുരാണങ്ങളിൽ പറയുന്ന താമര വീട്ടുമുറ്റത്ത് വിരിയുന്നത് ഐശ്വര്യമെന്നാണ് ഹൈന്ദവ വിശ്വാസം. ആദ്യം വിരിഞ്ഞ സഹസ്രദളപത്മം ശാരദ ടീച്ചർ ചേലാമറ്റം കോട്ടയിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ സമർപ്പിച്ചു. കേരളത്തിൽ അപൂർവമാണെങ്കിലും പലയിടത്തും സഹസ്രദള പത്മം വിരിയുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായാകാം എന്ന് ശാരദ ടീച്ചർ പറഞ്ഞു.