അങ്കമാലിയിലെ പൊതുശ്മശാനം പിന്തുണച്ചും എതിർത്തും ജനം
അങ്കമാലി: അങ്കമാലി നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ പൊതുശ്മശാനത്തിന് ഒടുവിൽ നഗരസഭ പച്ചക്കൊടി വീശുമ്പോൾ അനുകൂലിച്ചും എതിർത്തും നാട്ടുകാർ. 1980ൽ നഗരസഭ രൂപീകരിച്ച ഘട്ടം മുതൽ പൊതുശ്മശാനമെന്ന ആവശ്യം ഉയർന്നു വന്നെങ്കിലും മാറി മാറി വന്ന ഭരണ സമിതികൾ ജനകീയ ആവശ്യത്തിനു നേരെ കണ്ണടക്കുകയായിരുന്നു. നിലവിലെ കൗൺസിലിന്റെ അവസാന കാലത്തെങ്കിലും പൊതുശ്മശാനം പ്രാവർത്തികമാക്കാനെടുത്ത തീരുമാനത്തെ വിവിധ സാമുദായിക സംഘടനകൾ സ്വാഗതം ചെയ്യുമ്പോൾ ശ്മശാനം പണിയാൻ തീരുമാനിച്ച സ്ഥലമാണ് മറ്റൊരു കൂട്ടരെ ചൊടിപ്പിക്കുന്നത്. മുൻസിപ്പൽ ബസ് സ്റ്റാൻഡിനകത്ത് നഗരസഭ പൊതു ശ്മശാനം നിർമ്മിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു. നഗരസഭയ്ക്കും ജില്ലാ കളക്ടർക്കും അസോസിയേഷൻ നൽകിയ പരാതി കണക്കിലെടുക്കാതെയാണ് ശ്മശാന നിർമ്മാണവുമായി നഗരസഭ മുന്നോട്ടുപോകുന്നതെന്ന് ഇവർ ആരോപിക്കുന്നു. പൊതു ശ്മശാനത്തിന്റെ നിർമ്മാണം അടുത്ത വാരത്തോടെ ആരംഭിക്കുമെന്നാണ് വിവരം. അതേസമയം, റെയിൽവേ സ്റ്റേഷനോടനുബന്ധമായി വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ തൊട്ടടുത്ത് സമ്മതപത്രം പോലും വാങ്ങാതെയാണ് നഗരസഭ ശ്മശാനം നിർമ്മിക്കാൻ ഒരുങ്ങുന്നതെന്നും ആക്ഷേപമുണ്ട്.
ബസുകൾക്ക് മാത്രം പ്രവേശിക്കാൻ അനുമതിയുള്ള സ്റ്റാൻഡിൽ ശ്മശാനം സ്ഥാപിക്കുന്നതോടെ മറ്റു വാഹനങ്ങൾ കൂടുതലായി പ്രവേശിക്കാനും പാർക്ക് ചെയ്യാനും സാഹചര്യം വരുന്നത് ബസുകൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. തീരുമാനം പിൻവലിക്കുവാൻ നഗരസഭ തയ്യാറായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് അസോസിയേഷൻ നേതൃത്വം കൊടുക്കും.
എ.പി.ജിബി (പ്രസിഡന്റ് )
ബി. ഓ.ഡേവിസ് (സെക്രട്ടറി )
അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
അങ്കമാലിയിലെ സാധാരണക്കാരായ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് പൊതുശ്മശാനം. എത്രയും വേഗം നിർമ്മാണം ആരംഭിച്ച് പൂർത്തീകരിക്കാനാണ് നഗരസഭ തീരുമാനിച്ചിട്ടുള്ളത്.
ഷിയോ പോൾ
ചെയർമാൻ
അങ്കമാലി നഗരസഭ
നഗരസഭ ഉണ്ടായ കാലം മുതൽ ബഡ്ജറ്റ് ബുക്കിൽ അടിച്ചു വരുന്ന പൊതുശ്മശാനം പ്രാവർത്തികമാക്കാൻ നാലര പതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. ശ്മശാനം നിർമ്മിക്കാനുള്ള നഗരസഭയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
എം.കെ പുരുഷോത്തമൻ
പ്രസിഡന്റ്, അങ്കമാലി ശാഖ
എസ്.എൻ.ഡി.പി യോഗം
ശ്മശാന നിർമ്മാണവുമായി നഗരസഭ ഭരണസമിതി മുന്നോട്ട് പോകണം.
പി. എസ്. സത്യൻ
അങ്കമാലി ശാഖ പ്രസിഡന്റ്
അഖില കേരള വിശ്വകർമ്മ മഹാസഭ
പട്ടികജാതി പട്ടികവർഗക്കാർക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനമാണ് നഗരസഭയുടേത്. എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി ഉപയോഗ്യമാക്കാൻ അടിയന്തര നടപടി നഗരസഭ സ്വീകരിക്കണം
ശാരി കുട്ടപ്പൻ
പ്രസിഡന്റ്
കെ.പി.എം.എസ്, അങ്കമാലി ശാഖ.