'അനുഭവസമ്പത്ത് വിലമതിക്കാനാവാത്തത്, രോഹിതിനെയും കൊഹ്‌ലിയെയും കൈവിടില്ല'

Thursday 09 October 2025 6:49 PM IST

ന്യൂഡൽഹി: വലിയൊരു തലമുറ മാറ്റത്തിന്റെ ഭാഗമായാണ് ശുഭ്മാൻ ഗിൽ ഇന്ത്യയുടെ നായക സ്ഥാനത്തേക്ക് എത്തുന്നത്. നിലവിൽ ടെസ്റ്റിലും ഏകദിന ക്രിക്കറ്റിലും ഇന്ത്യയെ നയിക്കുന്ന താരമാണ് ശുഭ്മാൻ ഗിൽ. രോഹിത് ശർമയ്ക്ക് പകരക്കാരനായിട്ടാണ് ശുഭ്മാൻ ഗില്ലിന് ഇന്ത്യയുടെ നായകസ്ഥാനം ലഭിച്ചത്. അതേസമയം മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കൊഹ്‌ലിയും ഏകദിന ടീമിൽ തുടരുമോയെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ശുഭ്മാൻ ഗിൽ.

ഇന്ത്യൻ ടീമിന്റെ ഭാവി എങ്ങനെയായാകുമെന്ന ചർച്ചകൾ നടക്കുന്നതിനിടയിലാണ് രോഹിതും വിരാടും ടീം മാനേജ്‌മെന്റിന്റെ പദ്ധതികളിലുണ്ടെന്ന് ഗിൽ ഉറപ്പിച്ചു പറയുന്നത്. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടെസ്റ്റിൽ നിന്നും ട്വന്റി 20യിൽ നിന്നും വിരമിച്ച രോഹിതും കൊഹ്‌ലിയും നിലവിൽ ഏകദിനത്തിൽ മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്. 2025 ഐപിഎല്ലിന് ശേഷം മത്സരരംഗത്ത് ഇല്ലാതിരുന്ന ഇരുവരും ഈ മാസം അവസാനം ആരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ടീമിൽ തിരിച്ചെത്തും. സ്ഥാനം ഒഴിഞ്ഞ ഏകദിന ക്യാപ്റ്റനായ രോഹിതും വിരാട് കൊഹ്‌ലിയും 2027 ഏകദിന ലോകകപ്പിനായുള്ള ടീമിന്റെ ഭാഗമാണെന്നും ഗിൽ പറഞ്ഞു.

'ഇരുവർക്കുമുള്ള അനുഭവസമ്പത്തും ഇന്ത്യക്കായി അവർ നേടിക്കൊടുത്ത വിജയങ്ങളും വളരെ കുറച്ച് താരങ്ങൾക്ക് മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളൂ. അത്രയും നിലവാരവും കഴിവും അനുഭവസമ്പത്തുമുള്ള കളിക്കാർ ലോകത്ത് തന്നെ കുറവാണ്. അതുകൊണ്ട് ഭാവിയിലും ഞങ്ങൾ അവരെ ടീമിന്റെ പ്രധാന ഭാഗമായിട്ടാണ് കാണുന്നത്." -ഗിൽ വ്യക്തമാക്കി.

ഏകദിന നായകസ്ഥാനം ലഭിച്ചതിനെക്കുറിച്ചും ഗിൽ മനസുതുറന്നു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ തനിക്ക് ഇക്കാര്യത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും ഗിൽ പറയുന്നു. ഇന്ത്യയെ നയിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഏകദിന ഫോർമാറ്റിലും രാജ്യത്തെ നയിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങൾ എനിക്ക് മികച്ചതായിരുന്നു. ഭാവിയെ പ്രതീക്ഷയോടെയാണ് കാണുന്നത്. സ്വയം നേടിയതിനെക്കുറിച്ചോ ടീമിന്റെ നേട്ടങ്ങളെക്കുറിച്ചോ തിരിഞ്ഞുനോക്കാൻ ആഗ്രഹിക്കുന്നില്ല. മുന്നോട്ട് പോകാനും വരാനിരിക്കുന്ന സമയം ഞങ്ങൾക്ക് നേടാനുള്ളതൊക്കെ സ്വന്തമാക്കാനുമാണ് ആഗ്രഹിക്കുന്നത്,' ഗിൽ കൂട്ടിച്ചേർത്തു.

ഇന്ത്യൻ ക്രിക്കറ്റിലെ തലമുറ മാറ്റങ്ങൾക്ക് പിന്നിലെ ബുദ്ധികേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്ന മുഖ്യപരിശീലകൻ ഗൗതം ഗംഭീറുമായുള്ള ബന്ധത്തെക്കുറിച്ചും ഗിൽ സംസാരിച്ചു. "താരങ്ങളെ എങ്ങനെ സുരക്ഷിതരാക്കാം എന്നതിനെക്കുറിച്ചും ഞങ്ങൾ സംസാരിക്കാറുണ്ട്. അതിലുപരി മികച്ച ഫാസ്റ്റ് ബൗളർമാരെ എങ്ങനെ വളർത്തിയെടുക്കാം എന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ചകൾ നടത്താറുണ്ട്." -ഗിൽ പറഞ്ഞു.