ട്രെയിൻ യാത്രയ്ക്കിടെ ഫോൺ കവർന്നു,​ ഗൂഗിൾ പേയിലൂടെ പണവും

Friday 10 October 2025 2:04 AM IST

കൊച്ചി: ട്രെയിൻ യാത്രയ്ക്കിടെ മോഷണം പോയ വീട്ടമ്മയുടെ മൊബൈൽ ഫോണിലെ ഗൂഗിൾ പേ ഉപയോഗിച്ച് മോഷ്ടാവ് കവ‌ർന്നത് 12,000 രൂപ. പറവൂർ മൂത്തകുന്നം തേക്കനാത്ത് വീട്ടിൽ പി.കെ. ഈശ്വരിക്കാണ് (57) പണം നഷ്ടമായത്.

ഹൈദരാബാദ്-കൊല്ലം സ്പെഷ്യൽ ട്രെയിനിലെ റിസർവേഷൻ കോച്ചിൽ സഞ്ചരിക്കുമ്പോഴാണ് മൊബൈൽ ഫോൺ മോഷണം പോയത്. ഹൈദരാബാദിൽ താമസിക്കുന്ന മകളുടെ വീട്ടിൽ നിന്ന് പേരക്കുട്ടികൾക്കൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. എസ് 2 റിസർവേഷൻ കോച്ചിലായിരുന്നു യാത്ര. യാത്രയ്കിടെ ഈശ്വരിയുടെ ഫോൺ ചാർജ് ചെയ്യാൻ കുത്തിയിട്ടിരുന്നു. പുലർച്ചെ 5ന് ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഫോൺ ഊരിയെടുക്കാൻ മറന്നതായി വീട്ടമ്മ പറയുന്നു.

സംഭവദിവസം ആർ.പി.എഫിനെയും റെയിൽവേ പൊലീസിനെയും ബന്ധപ്പെട്ടില്ല. എ.ടി.എം കാർഡ് ഉപയോഗിച്ച് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കാലിയാണെന്ന് തിരിച്ചറിഞ്ഞത്. തുട‌ർന്ന് എറണാകുളം റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. പേരക്കുട്ടികളും വീട്ടമ്മയും ഉറങ്ങിക്കിടക്കുമ്പോഴായിരിക്കും മോഷണം നടന്നതെന്ന് റെയിൽവേ പൊലീസ് സംശയിക്കുന്നു. ഫോണിൽ തന്നെ ഗൂഗിൾ പേ പാസ്‌വേഡ് രേഖപ്പെടുത്തിയിരുന്നു. ഫോണിന്റെ വില 12,​000 രൂപയാണ്. ഇതുൾപ്പെടെ 24000 രൂപയുടെ നഷ്ടമാണുണ്ടായത്. സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുന്നു.