20 കിലോ ഭാരം കുറയ്ക്കാന്‍ രോഹിത് ശര്‍മ്മ ഒഴിവാക്കിയത് രണ്ട് സാധനങ്ങള്‍; 'ഫിറ്റ്'മാന്‍ ആയതിന് പിന്നിലെ രഹസ്യം

Thursday 09 October 2025 7:05 PM IST

മുംബയ്: നായകനെന്ന നിലയില്‍ രണ്ട് ഐസിസി കിരീടങ്ങള്‍ രാജ്യത്തിന് സമ്മാനിച്ചപ്പോഴും വിമര്‍ശകര്‍ രോഹിത് ശര്‍മ്മയെ വെറുതേ വിട്ടിരുന്നില്ല. 11 വര്‍ഷങ്ങള്‍ നീണ്ട ഐസിസി കിരീടവരള്‍ച്ചയ്ക്ക് അവസാനം കുറിച്ചതിന് പുറമേ തന്റെ മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൂടെ ടീമിന്റെ നെടുന്തൂണാകാനും രോഹിത് ശര്‍മ്മയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ അപ്പോഴെല്ലാം വിമര്‍ശകര്‍ രോഹിത്തിന് തടി കൂടുതലാണെന്ന കുറ്റമാണ് പറഞ്ഞിരുന്നത്.

സഹതാരം വിരാട് കൊഹ്ലിയുടെ ഫിറ്റ്‌നെസും ബോഡിയുമായി താരതമ്യം ചെയ്യുമ്പോള്‍ കാഴ്ചയില്‍ അത്ര ഫിറ്റായിരുന്നില്ല മുന്‍ നായകന്‍. എന്നാല്‍ മാച്ച് ഫിറ്റ്‌നെസ്, ബാറ്റിംഗിലെ സാങ്കേതിക തികവ് എന്നിവകൊണ്ട് രോഹിത് വിമര്‍ശകര്‍ക്ക് മറുപടി നല്‍കൊണ്ടിരുന്നു. അതും നിര്‍ണായകമായ പല മത്സരങ്ങളിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഉള്‍പ്പെടെ നേടിക്കൊണ്ട്. നായകസ്ഥാനം നഷ്ടമായി ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തയ്യാറെടുക്കുന്ന രോഹിത്തിനെ ഇക്കഴിഞ്ഞ ദിവസം സിയറ്റ് ക്രിക്കറ്റ് അവാര്‍ഡ് ചടങ്ങില്‍ കണ്ട ഏവരും ഞെട്ടി.

പൊണ്ണത്തടി കുറച്ച് ചുള്ളനായ രോഹിത് ശര്‍മ്മയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നിമിഷ നേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തു. ചാമ്പ്യന്‍സ് ട്രോഫിക്കും ഐപിഎല്ലിനും ശേഷം മത്സര ക്രിക്കറ്റില്‍ നിന്ന് ലഭിച്ച ദീര്‍ഘകാലത്തെ ഇടവേളയിലാണ് താരം ശരീരഭാരം കുറച്ചത്. 20 കിലോയാണ് കടുത്ത വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും രോഹിത് കുറച്ചത്. മുന്‍ ഇന്ത്യന്‍ സഹപരിശീലകനും സുഹൃത്തുമായ അഭിഷേക് നായര്‍ക്കൊപ്പം ജിമ്മില്‍ പരിശീലിക്കുന്ന വീഡിയോകളും താരം പുറത്ത് വിട്ടിരുന്നു.

പ്രധാനമായും തന്റെ ഭക്ഷണത്തില്‍ നിന്ന് രോഹിത് ശര്‍മ്മ ഒഴിവാക്കിയത് ബട്ടര്‍ ചിക്കന്‍, ബിരിയാണി, എണ്ണയില്‍ വറുത്തെടുത്ത പലഹാരങ്ങള്‍ എന്നിവയാണ്. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമുള്ള അവധി കഴിഞ്ഞാണ് രോഹിത് ഫിറ്റ്‌നസ് മെച്ചപ്പെടുത്താനുള്ള പരിശീലനം തുടങ്ങിയത്. കൃത്യമായ സമയക്രമം പാലിച്ച് നിയന്ത്രിത അളവില്‍ മാത്രം ഭക്ഷണം കഴിച്ച താരം കടുത്ത നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്തുകയും ചെയ്തു.