രക്ഷകയായി റിച്ച ഘോഷിന്റെ മരണ മാസ് ഇന്നിംഗ്‌സ്; ദക്ഷിണാഫ്രിക്കയ്ക്ക് 252 റണ്‍സ് വിജയലക്ഷ്യം

Thursday 09 October 2025 7:37 PM IST

വിശാഖപട്ടണം: വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് 94(77) മികവില്‍ 49.5 ഓവറില്‍ 251 റണ്‍സ് നേടി. 102ന് ആറ് എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിട്ട സമയത്താണ് റിച്ച ക്രീസിലെത്തിയത്. താരത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ മികവില്‍ അവസാന 59 പന്തുകളില്‍ നിന്ന് 98 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.

ഓപ്പണര്‍മാരായ പ്രതിക റാവല്‍ 37(56), സ്മൃതി മന്ദാന 23 (32) എന്നിവര്‍ ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 55 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് സഖ്യം പിരിഞ്ഞത്. മൂന്നാമതായി ക്രീസിലെത്തിയ ഹാര്‍ലീന്‍ ഡിയോള്‍ 13(23) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 9(24) എന്നിവര്‍കൂടി മടങ്ങിയപ്പോള്‍ സ്‌കോര്‍ 92ന് നാല്. ജെമീമ റോഡ്രിഗ്‌സ് 0(4), ദീപ്തി ശര്‍മ്മ 4(14) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ 102-6. അമന്‍ജോത് കൗര്‍ 13(44) റണ്‍സ് നേടി മടങ്ങി.

എട്ടാം വിക്കറ്റില്‍ റിച്ച ഘോഷ് സ്‌നേഹ് റാണ 33(24) സഖ്യം 88 റണ്‍സാണ് അടിച്ചെടുത്തത്. 11 ബൗണ്ടറികളും നാല് സിക്‌സറുകളുമടിച്ച റിച്ച അവസാന ഓവറില്‍ സിക്‌സറടിച്ച് സെഞ്ച്വറി തികയ്ക്കാനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു. റണ്ണൊന്നുമെടുക്കാതെ ശ്രീ ചരണിയാണ് അവസാനം പുറത്തായത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഷോള്‍ ടൈറണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മാറിസെന്‍ ക്യാപ്, നാദിന്‍ ഡി ക്ലാര്‍ക്ക്, ലാബ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.