പ്രതിഷേധിച്ച് ഡോക്ടർമാർ പ്രയാസപ്പെട്ട് രോഗികൾ
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ അസി. മെഡിക്കൽ ഓഫീസർ ഡോ.ടി.പി.വിപിനെ ഡ്യൂട്ടിക്കിടെ വെട്ടിപ്പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിൽ ഡോക്ടർമാർ നടത്തിയ സമരത്തിൽ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചു. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന് ഐ.എം.എ( ഇന്ത്യൻ മെഡിക്കൽ അസോ) യും പിന്തുണയറിച്ച് എത്തിയതോടെ സർക്കാർ ആശുപത്രികളിലെത്തിയ രോഗികൾ വലഞ്ഞു. ആശുപത്രികളിൽ അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയയും ഒഴികെ മറ്റെല്ലാം നിശ്ചലമായി. ചികിത്സയ്ക്കായി എത്തിയ രോഗികൾ മണിക്കൂറുകളോളം കാത്തിരുന്നു. ചിലർ ചികിത്സ ലഭിക്കാതെ മടങ്ങി. സമരം അറിയാതെ എത്തിയവരാണ് കൂടുതലും വലഞ്ഞത്. വാർദ്ധക്യ സംബന്ധമായ രോഗത്തിലും മറ്റും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ് കാത്തിരുന്ന ശേഷം മടങ്ങിയത്.സമരത്തെക്കുറിച്ച് അറിയുന്നതിനാൽ ഇന്നലെ ആശുപത്രികളിൽ പൊതുവേ രോഗികൾ കുറവായിരുന്നു. സമരത്തെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രോഗികൾ എത്തിയില്ല. അത്യാഹിതവിഭാഗത്തിൽ എത്തിയ രോഗികളെ പരിശോധിക്കാൻ ആശുപത്രിയിൽ എൻ.എച്ച്.എം നിയമിച്ച മൂന്ന് പേരും നഗരസഭ നിയമിച്ച ഒരു ഡോക്ടറും തയ്യാറായതിനാൽ അത്യാഹിത വിഭാഗം സുഗമമായി നടന്നു. പണിമുടക്ക് അറിയാതെ പത്തിൽ താഴെ രോഗികളാണ് ആശുപത്രിയിൽ എത്തിയതെന്ന് ജീവനക്കാർ പറഞ്ഞു. കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പ്രതിഷേധയോഗവും പ്രകടനവും നടത്തി. താലൂക്ക് ആശുപത്രി ചീഫ് കൺസൾട്ടന്റ് ഡോക്ടർ പി.കെ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സമരം അറിയാതെ ആശുപത്രിയിൽ വന്ന രോഗികൾ ചികിത്സ കിട്ടാതെ മടങ്ങി. മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, കുന്നുമ്മൽ സി.എച്ച്.സി കളിലേയും ഒപി സംവിധാനങ്ങൾ മുടങ്ങി. സമരം നേരത്തെ അറിയാതിരുന്നതിനാൽ ആശുപത്രിയിൽ എത്തിയ രോഗികൾ ഏറെ പ്രയാസപെട്ടു. സംസ്ഥാന തലത്തിൽ നടന്ന ഡോക്ടർമാരുടെ സമരം വടകര ജില്ലാ ആശുപത്രിയിലും പ്രകടമായി. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ഒ. പി. വിഭാഗം പ്രവർത്തിച്ചില്ല. അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്. അടിയന്തിര സ്വഭാവമുള്ള കേസുകൾ മാത്രമാണ് പരിശോധിച്ചത്. എല്ലാ ഇ.എസ് ഐ ആശുപത്രികളിലും ഇന്നലെ രാവിലെ 10 മണി 11 മണി വരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കറുത്ത ബാഡ്ജ് അണിഞ്ഞാണ് ഡോക്ടർമാർ എത്തിയത്. ഫറോക്ക് ഇ.എസ്.ഐ ആശുപത്രി സൂപ്രണ്ട് ഡോ ജയശങ്കർ, കെ.ജി.ഐ.എം.ഒ.എ കോഴിക്കോട് ജില്ലാ സെക്രട്ടറി ഡോ. ഉമറുൽഫറൂഖ്, ലാബ് ടെക്നീഷ്യൻ സജീവ്, ഹെഡ് നഴ്സ് ബിന്ദു പി.എഫ് തുടക്കിയവർ പങ്കെടുത്തു.ഫറോക്ക് താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി മാത്രം പ്രവർത്തിച്ചു. ഡോക്ടർമാർ പണിമുടക്കി കളക്ടറേറ്റിൽ നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിലും ഡോക്ടർമാർ പണിമുടക്കി.ഓ പി കൾ പ്രവർത്തിച്ചില്ല .ആശുപത്രികളിൽ ഡോക്ടർ മാരില്ലാത്തതിനാൽ എല്ലായിടത്തും രോഗികൾ വലഞ്ഞു. താമരശ്ശേരി ആശുപത്രിയിൽ ഇന്നലെ ഒ.പി. ബഹിഷ്കരിച്ച് ഡോക്ടർമാരും ജീവനക്കാരും സമരം നടത്തി. കാഷ്വാലിറ്റി സേവനങ്ങൾ മാത്രമാണ് നൽകിയത്. ഡോക്ടർക്ക് വെട്ടേറ്റ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷവും സേവനങ്ങൾ നിറുത്തിവച്ചിരുന്നു. ഇന്നലെ ഡോക്ടർമാരുടെയും നഴ്സുമാരുെയും സംഘടനകൾ, സർവീസ് സംഘടനകൾ, സ്റ്റാഫ് വെൽഫയർ അസോസിയേഷൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. താമരശ്ശേരി മേഖലയിലെ സ്വകാര്യ ആശുപത്രികളും പരിശോധന നിറുത്തിവച്ചെന്നാണ് വിവരം. താലൂക്ക് ആശുപത്രിയിൽ നടന്ന സമരത്തിൽ ഡോ. കിരൺ മനു, മുൻ സൂപ്രണ്ടുമാരായ ഡോ. കേശവനുണ്ണി, ഡോ. അബ്ദുൾ റഷീദ്, പി.ആർ.ഒ സൗമ്യ, ഡോ.ജമാൽ തുടങ്ങിയവർ പ്രസംഗിച്ചു.
മെഡിക്കൽ കോളേജിൽ പ്രതിഷേധ റാലി
ഡോക്ടർമാർക്ക് പിന്തുണയറിച്ച് മെഡിക്കൽ കോളേജിൽ കെ.ജി.എം.സി.ടി.എ (കേരള മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോ.),പി.ജി അസോസിയേഷൻ, ഹൗസ് സർജൻസ് അസോ., കോളേജ് യൂണിയൻ, ഡെന്റൽ സ്റ്റുഡൻസ് അസോ. തുടങ്ങിയവരുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ യോഗവും റാലിയും നടത്തി. കോളേജ് പോർട്ടിക്കോയിൽ നിന്നാരംഭിച്ച റാലി പ്രധാന കവാടവും പരിസരവും ചുറ്റി. മെഡി.കോളേജിൽ ഒപി പ്രവർത്തനം സാധാരണ നിലയിലായിരുന്നു. സ്പെഷ്യാലിറ്റി ക്ലിനിക്ക്, മാതൃശിശുസംരക്ഷണ കേന്ദ്രം, സൂപ്പർ സ്പെഷ്യാലിറ്റി, ഡെന്റൽ കോളേജ് എന്നിവിടങ്ങളിലെത്തിയ രോഗികൾക്ക് ചികിത്സ ലഭിച്ചു. എൻ ജി ഒ അസോസിയേഷൻ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റിയും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എൻ.ജി.ഒ അസോ.സംസ്ഥാന സെക്രട്ടറി കെ പ്രദീപൻ ഉദ്ഘാടനം ചെയ്തു.