ആഡംബര വാഹനം വാങ്ങാന്‍ കര്‍ഷകന്‍ എത്തിയത് കാളവണ്ടിയില്‍; സ്വന്തമാക്കിയത് ഒന്നരക്കോടിയുടെ കാര്‍

Thursday 09 October 2025 10:48 PM IST

ഇഷ്ടവാഹനം സ്വന്തമാക്കുന്നതിന്റെ സന്തോഷം സമൂഹമാദ്ധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുന്നവരില്‍ സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഉള്‍പ്പെടും. ബംഗളൂരുവില്‍ ഒരു കര്‍ഷകന്‍ കാര്‍ വാങ്ങാന്‍ ഷോറൂമില്‍ എത്തിയതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമാണ്. എസ്എസ്ആര്‍ സഞ്ജു എന്ന കര്‍ഷകന്‍ കാര്‍ സ്വന്തമാക്കാനായി എത്തിയത് കാളവണ്ടിയിലാണ്. 1.5 കോടി രൂപ വിലയുള്ള ആഡംബര എംപിവിയായ ടൊയോട്ട വെല്‍ഫെയര്‍ കാര്‍ വാങ്ങാനാണ് സഞ്ജു കാളവണ്ടിയില്‍ എത്തിയത്.

കര്‍ഷകനാണെങ്കിലും കോടീശ്വരനാണ് സഞ്ജു. തന്റെ സ്വന്തം യൂട്യൂബ്യ ചാനല്‍ വഴിയാണ് കാര്‍ വാങ്ങാന്‍ കാളവണ്ടിയില്‍ എത്തുന്നതിന്റെ വീഡിയോ ഇയാള്‍ പങ്കുവച്ചിരിക്കുന്നത്. പുതിയ വാഹനം വാങ്ങുന്നതിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി നിരവധി വാഹനങ്ങള്‍ സജ്ജമാക്കി നിര്‍ത്താന്‍ തന്റെ ജീവനക്കാരില്‍ ഒരാളോട് സഞ്ജു പറയുന്നത് മുതലാണ് വീഡിയോ തുടങ്ങുന്നത്. സഞ്ജുവിന്റെ നിര്‍ദേശം അനുസരിച്ച് നിരവധി ആഡംബര വാഹനങ്ങളാണ് ജീവനക്കാരന്‍ സജ്ജമാക്കി നില്‍ത്തുന്നത്.

പോര്‍ഷെ പനമേര, ഫോര്‍ഡ് മസ്താംഗ്, മസെരാട്ടിയുടെ ലെവന്റെ, ഇന്നോവ ഹൈക്രോസ്, ടൊയോട്ട ഫോര്‍ച്യൂണര്‍ മുതലുള്ള വാഹനങ്ങള്‍ അണിനിരത്തിയാണ് സഞ്ജു ഷോറൂമിലേക്ക് പോയത്. ഇയാള്‍ സ്വയം കാളവണ്ടി ഓടിച്ചാണ് ഷോറൂമിലേക്ക് വരുന്നത്. ഈ ദൃശ്യങ്ങള്‍ കണ്ട് നിരവധിപേര്‍ നോക്കി നില്‍ക്കുന്നതും കൗതുകം കൊള്ളുന്നതും കര്‍ഷകന്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാണ്.