തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഡിറ്റ് റിപ്പോർട്ട് , 8 സബ് ഗ്രൂപ്പുകളിൽ അരക്കോടി കട്ടു
ആലപ്പുഴ : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവനന്തപുരം മുതൽ ചേർത്തലവരെയുള്ള എട്ട് ദേവസ്വം സബ് ഗ്രൂപ്പുകളിൽ നിന്ന് അപഹരിക്കപ്പെട്ടത് 50,79,502 രൂപ. ഏറ്റവുമൊടുവിൽ പുറത്തുവന്ന ഓഡിറ്റ് റിപ്പോർട്ടിലാണിത്. 2012 മുതൽ 18വരെയുള്ള കാലഘട്ടത്തിലെ കണക്കാണ് ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 2020-21 മുതൽ 2025 സെപ്തംബർ 30 വരെയുള്ള ഓഡിറ്റിംഗ് നടന്നുവരികയാണ്. പരിമിതമായ ജീവനക്കാരുമായാണ് ഓഡിറ്റിംഗ് നടക്കുന്നത്. അതിനാൽ എല്ലാവിധ തട്ടിപ്പുകളും പുറത്തുവരിക എളുപ്പമല്ല. 2019-20ലെ കണക്കും പുറത്തുവരേണ്ടതുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 223 സബ് ഗ്രൂപ്പ് ദേവസ്വങ്ങളിൽ 2019-20 വർഷത്തിൽ 66 സബ് ഗ്രൂപ്പുകളിലാണ് ഓഡിറ്റ് നടന്നത്. ബാക്കിയുളള 157 സബ് ഗ്രൂപ്പുകളിൽ ഓഡിറ്റുണ്ടായില്ല. ഈ കാലയളവിൽ ചെറിയ തുകകൾ അപഹരിച്ചവർ പണം പലിശ സഹിതം തിരിച്ചടച്ച് കേസ് ഒഴിവാക്കി. വൻ തുകകൾ അപഹരിച്ചവർ വിജിലൻസ് കേസുകളിൽ പ്രതികളായി അന്വേഷണവും വിചാരണയും നേരിടുന്നുണ്ട്.
നടപടിയും വഴിപാട്
ജീവനക്കാർ വിരമിക്കുകയോ മരിക്കുകയോ ചെയ്തതിനുശേഷമാണ് പണാപഹരണം ഉൾപ്പെടെയുള്ള തട്ടിപ്പുകൾ കണ്ടെത്തുന്നതെങ്കിൽ പെൻഷൻ തടയുക മാത്രമാണ് പോംവഴി. സഹതാപവും രാഷ്ട്രീയ ഇടപെടലുകളും കാരണം ഇത്തരം നടപടികളും ഫലവത്താകാറില്ല. പിടിക്കപ്പെടുന്ന പല കേസുകളും ഒതുക്കിത്തീർക്കുകയാണ് പതിവ്.
2012-13 മുതൽ 2016-17വരെയുള്ള ഓഡിറ്റിംഗിൽ കണ്ടെത്തിയ ക്രമക്കേടുകൾ
(വർഷം , ക്ഷേത്രം, തുകയെന്ന ക്രമത്തിൽ)
2013......ചേർത്തല കാർത്ത്യായനി ക്ഷേത്രം......... 4,61,469
2013......മേലില ദേവസ്വം ക്ഷേത്രം.............................5,91,310
2016......വെളിനെല്ലൂർ ക്ഷേത്രം.................................10,57,635
2018......തെള്ളിയൂർക്കാവ് ക്ഷേത്രം.............................9,61,491
2018......തിരുവൻവണ്ടൂർ ക്ഷേത്രം.............................2,16,639
2018......അണിയൂർ സബ് ഗ്രൂപ്പ്..................................4,91,353
2019......തേവലപ്പുറം ക്ഷേത്രം......................................4,58,971
2015......ചവറ ദേവസ്വം.................................................8,40,634
ആകെ............................................................................50,79,502