കെ.എസ്.ആർ.ടി.സിയിൽ ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര
തിരുവനന്തപുരം: കീമോ, റേഡിയേഷൻ എന്നിവയ്ക്കായി പോകുന്ന ക്യാൻസർ രോഗികൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്ര ഒരുക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ സ്വകാര്യ ക്യാൻസർ ആശുപത്രിയിലേക്ക് പോകുന്നവർക്കും സൂപ്പർ ഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ സർവീസുകളിലും ആനുകൂല്യം ലഭ്യമാക്കും. ഇതുസംബന്ധിച്ച് ഉടൻ ഉത്തരവിറക്കുമെന്ന് മന്ത്രി അറിയിച്ചു. രോഗികൾക്ക് ഡോക്ടർ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പാസ് അനുവദിക്കും. 2012ൽ ഉമ്മൻചാണ്ടി സർക്കാർ ഓർഡിനറി, സിറ്റി ബസുകളിൽ 50 ശതമാനം ഇളവാണ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യയാത്രയാണ് ഒരുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ദീർഘദൂര അന്തർസംസ്ഥാന സർവീസുകൾ എ.സിയാക്കുമെന്നും ഊട്ടി, മൈസൂർ, ധനുഷ്കോടി, കൊടൈക്കനാൽ, തിരുപ്പതി എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.