സ്വർണപ്പാളി: ഇന്ന് വീണ്ടും ഹൈക്കോടതിയിൽ
കൊച്ചി: ശബരിമല സ്വർണപ്പാളി വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ പ്രാഥമികാന്വേഷണ റിപ്പോർട്ട് ദേവസ്വം വിജിലൻസ് സമർപ്പിച്ചേക്കും. കേസ് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുന്നതിനുള്ള നിർദ്ദേശവുമുണ്ടാകും. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുടെ ബെഞ്ചിലാണ് സ്വമേധയ എടുത്ത ഹർജിയിലെ വാദം.
അതിനിടെ, ശബരിമലയിൽ നിന്ന് മറ്റ് വിലപ്പെട്ട വസ്തുക്കളും കാണാതായെന്ന വിവരം പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഹൈക്കോടതി നിയോഗിച്ച കമ്മിറ്റിയുടെ കണക്കെടുപ്പും നിർണായകമാകും. റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിൽ ആഭരണ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് കണക്കെടുപ്പ് നടത്തുക.
''ശബരിമലയിലെ വിലപ്പെട്ട വസ്തുക്കളുടെ കണക്കെടുപ്പ് ആരംഭിക്കാൻ ശനിയാഴ്ച സന്നിധാനത്തെത്തുമെന്ന് ആരോടും പറഞ്ഞിട്ടില്ല. നടപടികളിൽ ഹൈക്കോടതി നിർദ്ദേശിച്ച രഹസ്യസ്വഭാവം പാലിക്കും. ചാനൽ വാർത്തകൾ ശരിയല്ല.
-ജസ്റ്റിസ് കെ.ടി. ശങ്കരൻ
സ്വർണപ്പാളി കേസ്: സി.ബി.ഐയുടെ നിലപാട് തേടി
കൊച്ചി: ശബരിമല ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികൾ നഷ്ടപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി മൂന്നാഴ്ചയ്ക്കു ശേഷം പരിഗണിക്കാൻ മാറ്റി. സി.ബി.ഐ അതിനകം നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഹർജിക്കാരൻ ആവശ്യപ്പെടുന്ന പ്രകാരം സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത് ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. കൊല്ലം സ്വദേശി ആർ. രാജേന്ദ്രനാണ് കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്.
ശബരിമല: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി നഷ്ടമായ സംഭവത്തിൽ അഞ്ചംഗ അന്വേഷണ സംഘം രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ തൃശൂർ പൊലീസ് അക്കാഡമിയിലെ അസി. ഡയറക്ടർ എസ്. ശശിധരന്റെ നേതൃത്വത്തിലാണ് സംഘം. മേൽനോട്ടത്തിന് ക്രൈംബ്രാഞ്ച്, ക്രമസമാധാന എ.ഡി.ജി.പി എച്ച്. വെങ്കടേശിനെ കോടതി നിർദ്ദേശിച്ചിരുന്നു. പിന്നാലെയാണ് അന്വേഷണ സംഘം രൂപീകരിച്ച് ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവിറക്കിയത്. കോട്ടയം വാകത്താനം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അനീഷ്, തൃശൂർ കയ്പ്പമംഗലം ഇൻസ്പെക്ടർ ബിജു രാധാകൃഷ്ണൻ, തൈക്കാട് സൈബർ പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ സുനിൽ കുമാർ എന്നിവരാണ് സംഘത്തിലുള്ളത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചതെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ദേവസ്വം വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. ഇത് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ നിന്ന് ഏറ്റു വാങ്ങും. അതിനു ശേഷമാവും അന്വേഷണം തുടങ്ങുക. കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണമാണ് പരിഗണനയിലുള്ളത്.