ദേശീയപാത 66: ഉദ്ഘാടനം ജനുവരിയിൽ

Friday 10 October 2025 12:04 AM IST

ന്യൂഡൽഹി: കേരളത്തിൽ ദേശീയപാത 66ന്റെ നിർമ്മാണം പൂർത്തിയാകുന്ന റീച്ചുകൾ ജനുവരിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. പാലക്കാട്- കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയുടെ പ്രവർത്തനോദ്ഘാടനവും ജനുവരിയിൽ നടത്തും.

ദേശീയപാത 66നായി ഭൂമി ഏറ്റെടുത്ത വകയിൽ സംസ്ഥാന സർക്കാരിന് ചെലവായ തുകയിൽ 237 കോടി രൂപ എഴുതിത്തള്ളാനും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഗഡ്‌കരിയുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ തീരുമാനമായെന്ന് റിയാസ് പറഞ്ഞു.

ദേശീയപാത 66ന്റെ 450 കിലോമീറ്ററിലധികം (ഏതാണ്ട് 70%) പൂർത്തിയായി. 16 റീച്ചുകളും ജനുവരിക്കു മുൻപ് തീർക്കാൻ ശ്രമിക്കും. ഇതിനായി ഇൗ മാസം ഡൽഹിയിൽ ഗഡ്‌കരി കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും.