സ്മാർട്ട് ക്രിയേഷൻസ് എം.ഡിയുടെ മൊഴിയെടുത്തു

Friday 10 October 2025 12:04 AM IST

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ സ്വർണം പൂശിയ ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് എം.ഡി പങ്കജ് ഭണ്ഡാരി ദേവസ്വം വിജിലൻസിന് മുമ്പിൽ ഹാജരായി. പങ്കജിന്റെ മൊഴി രേഖപ്പെടുത്തിയതോടെ ദേവസ്വം വിജിലൻസിന്റെ അന്വേഷണം പൂർത്തിയായി. ഇന്ന് അന്തിമ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. പ്രത്യേക അന്വേഷണസംഘം ഇന്നുതന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണവും തുടങ്ങും.

കഴിഞ്ഞ ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് പങ്കജ് അറിയിച്ചിരുന്നു. 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റി എത്തിച്ചത് ചെമ്പു പാളികൾ എന്നാണ് സ്മാർട്ട് ക്രിയേഷൻസും ഹൈക്കോടതിയെ ധരിപ്പിച്ചത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്തത്.

ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുക്കാനായി ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ.ടി.ശങ്കരൻ നാളെ സന്നിധാനത്തെത്തും. സ്വർണ ഉരുപ്പടികൾ അദ്ദേഹം പരിശോധിക്കും.