ദ്വാരപാലക  ശില്പം  വില്പന നടത്തിയെന്ന്  സതീശൻ,  പ്രതിപക്ഷത്തിന്റെ  ആവനാഴി ഒഴിഞ്ഞെന്ന്  മന്ത്രി  രാജീവ്

Friday 10 October 2025 12:06 AM IST

തിരുവനന്തപുരം: ശബരിമല ശ്രീഅയ്യപ്പന്റെ ദ്വാരപാലക ശിൽപ്പം കോടീശ്വരന്മാർക്ക് വിൽക്കുകയും അതിന് കൂട്ടുനിൽക്കുകയും ചെയ്തെന്ന ഗുരുതര ആരോപണം നിയമസഭയിൽ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ സഭയിലും പുറത്തും അതിശക്തമായ സമരം തുടരും. സ്കൂൾ കുട്ടികൾ ഗ്യാലറിയിലിരിക്കുമ്പോൾ മന്ത്രിമാരും ചില അംഗങ്ങളും നടത്തിയ സഭ്യേതര പരാമർശങ്ങൾ സ്പീക്കർ കേട്ടുകൊണ്ടിരുന്നു. കേട്ടാലറയ്ക്കുന്ന വാക്കുകളാണ് ചില അംഗങ്ങൾ പറഞ്ഞതെന്നും സതീശൻ പറഞ്ഞു.

ആവനാഴിയിൽ അമ്പുകളില്ലാതെ ഇതുപോലെ നിസഹായരായ പ്രതിപക്ഷം നിയമസഭയുടെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നായിരുന്നു മന്ത്രി പി.രാജീവിന്റെ തിരിച്ചടി. അടിയന്തരപ്രമേയങ്ങൾ തുടർച്ചയായി ചർച്ചചെയ്തതോടെ പ്രതിപക്ഷത്തിന്റെ മുഖത്ത് അടിയേറ്റു. അതോടെ അടിയന്തര പ്രമേയ നോട്ടീസ് ഒപ്പിടാൻപോലും കഴിയാതെ പ്രതിപക്ഷം ദുർബലമായിപ്പോയി.

പ്രതിപക്ഷം കോടതിയിലും സഭയിലും ചർച്ചയിലും ജനങ്ങൾക്ക് മുന്നിലും പരാജയപ്പെട്ടതായി മന്ത്രി എം.ബി.രാജേഷും പറഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ വേദിയിലേക്ക് ഇരച്ചുകയറാനും വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാനും പ്രേരിപ്പിച്ചത് സതീശനാണ്. സ്വന്തം എം.എൽ.എമാരെക്കുറിച്ച് സതീശൻ നടത്തിയ വിശേഷണം സഭയിൽ പറയാൻ കഴിയുന്നതല്ല. തോറ്റുപോയ പ്രതിപക്ഷത്തെ കളിയാക്കുന്നില്ലെന്നും രാജേഷ് പറഞ്ഞു.