സംസ്ഥാന ധനസ്ഥിതി മെച്ചമല്ല: സി.എ.ജി, കടം 4.48 ലക്ഷം കോടി

Friday 10 October 2025 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി കടുത്തഞെരുക്കത്തിലാണെന്ന് സി.എ.ജി ഇന്നലെ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കടംപെരുകി 4.48ലക്ഷം കോടിയിലെത്തി.

ധനകാര്യമാനേജ്മെന്റ് സിസ്റ്റം ഫലപ്രദമായി വികസിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും അതനുസരിച്ച് സാമ്പത്തിക അച്ചടക്കവും ലഭ്യമായ വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിലും സംസ്ഥാനം പരാജയപ്പെട്ടു.

സർവീസ് ലെവൽ എഗ്രിമെന്റ് (എസ്എൽഎ) ഇല്ലാത്തതിനാൽ, പദ്ധതികൾ നടപ്പിലാക്കുന്നതിന് ശക്തമായ അടിത്തറ നൽകാൻ സർക്കാരിന് കഴിഞ്ഞില്ല. പദ്ധതികളുടെ നടത്തിപ്പ് ചുമതലയുള്ള അഡിഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) അധ്യക്ഷനായ അവലോകന യോഗങ്ങൾ ഫലപ്രദമല്ല.

റവന്യൂ വരവുകളിൽ കേന്ദ്ര ധനസഹായത്തിന്റെ വിഹിതം 2019-20ലെ 12.45 ശതമാനത്തിൽ നിന്നും 2023-24ൽ 9.69 ശതമാനമായി കുറഞ്ഞത് സംസ്ഥാനത്തിന് ഞെരുക്കമുണ്ടാക്കിയെന്ന സംസ്ഥാന ധനമന്ത്രിയുടെ വാദം സി.എ.ജിയും ശരിവെച്ചു.

കഴിഞ്ഞ വർഷം മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടാണിത്. മൊത്ത ആഭ്യന്തരഉൽപാദനം വർദ്ധിച്ചെങ്കിലും ആനുപാതികമായി സർക്കാരിന് വരുമാനം കിട്ടുന്നില്ല. മൊത്തം ചെലവിന്റെ 89 മുതൽ 92 ശതമാനംവരെ ശമ്പളം,പെൻഷൻ ഉൾപ്പെടെയുള്ള റവന്യൂ ചെലവിനായി വിനിയോഗിക്കുകയാണ്. കിഫ്ബിയുടെ കടം ഓഫ്ബഡ്ജറ്റാണെങ്കിലും തിരിച്ചടവ് ഖജനാവിൽ നിന്നാണെന്നും സി.എ.ജി.റിപ്പോർട്ടിൽ ആവർത്തിച്ചിട്ടുണ്ട്.

# കടബാധ്യതകൾ

(തുക കോടി രൂപയിൽ)

ആഭ്യന്തരവായ്പ.........................................257157.92

കേന്ദ്രവായ്പ..................................................25337.48

മറ്റ് ബാധ്യതകൾ.....................................132725.85

കിഫ്ബി..........................................................32942.14

ആകെ.......................................................... 448163.29

#വിയോജിച്ച് ധനമന്ത്രി

ബഡ്ജറ്റിന് പുറത്തുള്ള വായ്പ എടുപ്പ് സംബന്ധിച്ചുള്ള സി.എ.ജി.റിപ്പോർട്ടിലെ നിരീക്ഷണങ്ങളോട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിയോജിച്ചു. കിഫ്ബി വായ്പ നേരിട്ടുള്ള ബാധ്യത ആകുന്നില്ല. ഇത് ആകസ്മിക ബാധ്യത മാത്രമാണ്. സാമൂഹ്യ സുരക്ഷാ കമ്പനി എടുക്കുന്ന വായ്പകൾ അതതു വർഷം തിരിച്ചടയ്ക്കുന്നുണ്ട്. അത് സി.എ.ജി കാണാതെപോകുകയാണെന്നും ധനമന്ത്രി പറഞ്ഞു

ഇ.വേ ബില്ലിൽ ഗുരുതര വീഴ്ച, കോടികളുടെ ജി.എസ്.ടി.നഷ്ടം

ജി.എസ്.ടി.യുടെ ഭാഗമായി നടപ്പാക്കിയ ഇ.വേ ബിൽ സംവിധാനം പരാജയപ്പെട്ടുവെന്ന് സി.എ.ജി.

നികുതിചോർച്ചയിലൂടെ ഖജനാവിന് കോടികൾ നഷ്ടമായി.

ചരക്ക് വാങ്ങിയ സ്ഥലത്ത് നൽകിയ നികുതി, ചരക്ക് എത്തിക്കുന്ന സ്ഥലത്തെ സർക്കാരിന് ഓട്ടേമേറ്റഡ് ആയി കിട്ടിയില്ല.

50,000 രൂപയിൽ കൂടുതലുള്ള ഇൻവേർഡ് സപ്ലൈകളിൽ, മിക്കതിനും ഇ.വേ ബില്ലുകൾ ഇല്ലായിരുന്നു.

നികുതി വെട്ടിപ്പ് തിരിച്ചറിയാൻ എൻ.ഐ.സി സൃഷ്ടിച്ച വിശകലന റിപ്പോർട്ടുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉപയോഗിച്ചില്ല.

സംഗ്രഹ,അന്തിമ പരിശോധനാ റിപ്പോർട്ടുകൾ ഓൺലൈനായി രേഖപ്പെടുത്താൻ സംവിധാനമില്ല.

ചരക്കു വാഹനം തടഞ്ഞു പരിശോധന നടത്താൻ മെനക്കെട്ടില്ല.

ഉന്നത അധികാരികളുടെ നിരീക്ഷണത്തിന്റെ അഭാവം വൻവീഴ്ച.

ഓൺലൈനായി കിട്ടുന്ന റിപ്പോർട്ടുകൾ യഥാസമയം രേഖപ്പെടുത്തുകയോ,അതു പ്രകാരം നികുതി കിട്ടിയെന്ന് പരിശോധിക്കുകയോ ചെയ്യാറില്ല

വാഹനങ്ങൾ തടഞ്ഞ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കേസുകളുടെ വിവരങ്ങൾ തുടർനടപടികൾക്കായി സംസ്ഥാന/കേന്ദ്ര അധികാരികൾക്ക് കൈമാറിയില്ല.ഇതുമൂലം ഐ.ജി.എസ്.ടി.വരുമാനം നഷ്ടമായി.