ആർ.സി.സി പരിശോധിച്ച് ഉറപ്പിച്ചു; ആശ്വാസം, മരുന്ന് മാറി നൽകിയില്ല
തിരുവനന്തപുരം: ആർ.സി.സിയിലെത്തിച്ച മരുന്ന് മാറിപ്പോയ സംഭവത്തിൽ ആശങ്ക ഒഴിയുന്നു. പായ്ക്കിംഗിൽ കമ്പനിക്കുണ്ടായ പിഴവിൽ മരുന്ന് മാറിയെന്ന് അറിഞ്ഞതോടെ രോഗികൾക്ക് ആർക്കും നൽകിയില്ല. ആർ.സി.സി അധികൃതർ അന്വേഷിച്ചാണ് ഇക്കാര്യം ഉറപ്പിച്ചത്. മരുന്ന് രണ്ടായിരത്തിലേറെ പേർക്ക് നൽകിയെന്ന് വാർത്ത വന്നിരുന്നു.
അതിനിടെ മരുന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്ത് തിരുവനന്തപുരം അഡി. ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
തലച്ചോറിലെ ക്യാൻസറിനുള്ള ടെമോസോളോമൈഡിന്റെ ബോക്‌സിൽ ശ്വാസകോശ ക്യാൻസറിനുള്ള എറ്റോപോസൈഡ് എത്തിക്കുകയായിരുന്നു.
ഗുജറാത്തിലെ ഗ്ലോബല ഫാർമയാണ് ടെമോസോളോമൈഡ്- 100 ഗുളികയുടെ പായ്ക്കറ്റിൽ എറ്റോപോസൈഡ്- 50 ഗുളിക വച്ചത്. ഫാർമസിയിലെ സ്റ്റോറിൽ ബോക്സുകൾ പൊട്ടിച്ചപ്പോൾ പിഴവ് മനസിലാക്കിയ ജീവനക്കാർ അധികൃതരെ അറിയിച്ചു. തുടർന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് വിവരം കൈമാറി. 50 ദിവസമെടുത്ത് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ ശേഷമാണ് ഈമാസം 6ന് അവർ മരുന്ന് കസ്റ്റഡിയിലെടുത്തത്.
മാറിയ മരുന്നും
തുടർനടപടിയും
2025 മാർച്ച് 25: 92 പായ്ക്കറ്റ് ടെമോസോളോമൈഡ് ആർ.സി.സി സ്റ്റോറിലെത്തി
ജൂൺ 27: പഴയ സ്റ്റോക്ക് തീർന്നതിനാൽ പുതിയത് ഫാർമസിയിലെത്തിച്ചു
ജൂലായ് 12: ബാച്ചിലെ ആദ്യസെറ്റ് വിതരണത്തിന് മുമ്പ് പരിശോധിച്ചു
10 പായ്ക്കറ്റുകളുടെ ഒരു സെറ്റിലെ രണ്ടു പായ്ക്കറ്റിൽ എറ്റോപോസൈഡ്- 50 കണ്ടെത്തി
എല്ലാ പായ്ക്കറ്റുകളും പൊട്ടിച്ചപ്പോൾ കൂടുതൽ കണ്ടെത്തിയതോടെ മൊത്തം മാറ്റിവച്ചു
ജൂലായ് 30: ടെൻഡറിൽ രണ്ടാമതെത്തിയ കമ്പനിയിൽ നിന്ന് മരുന്ന് വാങ്ങാൻ തീരുമാനം
വീഴ്ച വരുത്തിയ കമ്പനിയെ കരിമ്പട്ടികയിലുൾപ്പെടുത്താൻ ശുപാർശ
ഓഗസ്റ്റ് 16: ആർ.സി.സി ഫാർമസി മേധാവി ഡ്രഗ്സ് കൺട്രോളർക്ക് ഇ- മെയിൽ അയച്ചു
ഒക്ടോബർ 6: മരുന്ന് മുഴുവൻ ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്തു
ഫാർമസി ജീവനക്കാർ പരിശോധിച്ചിട്ടേ രോഗികൾക്ക് മരുന്ന് വിതരണം ചെയ്യാറുള്ളൂ.
-ഡോ. ആർ.രജനിഷ്‌കുമാർ,
ഡയറക്ടർ, ആർ.സി.സി