കോൺഗ്രസിന്റെ ശക്തി തെളിയിച്ച് ശബരിമല വിശ്വാസ സംഗമം

Thursday 09 October 2025 11:16 PM IST

പത്തനംതിട്ട: ജില്ലയിലെ കോൺഗ്രസിന്റെ സംഘടനാ ശക്തി തെളിയിക്കുന്നതായിരുന്നു ഇന്നലെ പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിൽ നടന്ന ശബരിമല വിശ്വാസ സംഗമം. സംസ്ഥാനത്ത് വരാൻ പോകുന്ന വിശ്വാസ സംരക്ഷണ പ്രക്ഷോഭത്തിന്റെ തുടക്കം കൂടിയായി പത്തനംതിട്ടയിലെ സംഗമം.

ഗ്രൂപ്പ് വടംവലിക്ക് അവധി നൽകി നേതാക്കളുടെ ഐക്യം പാർട്ടിയുടെ താഴേത്തട്ടിലേക്കും എത്തിയതിന്റെ തെളിവായിരുന്നു ബസ് സ്റ്റാൻഡ് നിറഞ്ഞുകവിഞ്ഞ ജനസഞ്ചയം. വരാൻപോകുന്ന തദ്ദേശ , നിയമസ സഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ ഒരുക്കിയെടുക്കുന്നതിൽ ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലും കൂട്ടരും ആദ്യഘട്ടം പിന്നിട്ടതിന്റെ സൂചനയാണ് സംഗമത്തിലെ ജനപങ്കാളിത്തം. പാർട്ടിയുടെ സംസ്ഥാനത്തെ നേതൃനിര ഒന്നാകെ സമ്മേളനത്തിനെത്തി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, എ. ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി , പ്രവർത്തക സമിതിയംഗം കൊടിക്കുന്നിൽ സുരേഷ്, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ, ആന്റോ ആന്റണി എം.പി, രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ, കെ.പി.സി സി വർക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ്, ടി.സിദ്ദിഖ്

കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, മുൻ ദേവസ്വം മന്ത്രി വി.എസ് ശിവകുമാർ, കെ.ശിവദാസൻ നായർ, മാലേത്ത് സരളാദേവി, എ . സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, അനീഷ് വരിക്കണ്ണാമല , അഡ്വ ജയവർമ്മ , റിങ്കു ചെറിയാൻ, ഹരികുമാർ പൂതങ്കര, സാമുവൽ കിഴക്കുപുറം, അയ്യപ്പസേവാസംഘം ജനറൽ സെക്രട്ടറി ഡി. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.