ഒരുവർഷം കഴിഞ്ഞിട്ടും നടുക്കം : കുട്ടിയെ കടിച്ചെടുത്ത് പുലി ഒാടി ഭീതി മാറാതെ മാതാപിതാക്കൾ

Thursday 09 October 2025 11:19 PM IST

ളാഹ: കൊച്ചുപമ്പയ്ക്ക് സമീപം കഴിഞ്ഞദിവസം കടുവ കടിച്ചുകൊന്ന വനംവകുപ്പ് വാച്ചർ അനിൽകുമാറിന്റെ (കൊച്ചുമോൻ- 28) മൃതദേഹ അവശിഷ്ടങ്ങൾ ളാഹ മഞ്ഞത്തോട്ടിൽ സംസ്കരിക്കാനെത്തിച്ചപ്പോൾ സമീപത്തെ വീട്ടിൽ നിന്ന് സുബീസ് എന്ന നാല് വയസുകാരനെ അമ്മ മഞ്ജു അവിടേക്ക് വിട്ടില്ല. കടുവയാണ് അനിൽകുമാറിനെ കൊന്നതെന്നും അവനോട് പറഞ്ഞില്ല. കടുവയെന്ന് കേട്ടാൽ സുബീസ് ഭയന്ന് അമ്മയെ കെട്ടിപ്പിടിച്ചിരിക്കും. പിന്നെ ഉറങ്ങില്ള, ആഹാരം കഴിക്കില്ല. ഒരുവർഷം മുമ്പ് ചാലക്കയത്ത് വനത്തിൽ താമസിച്ചിരുന്നപ്പോൾ സുബീസിനെ പുലി കടിച്ചെടുത്തുകൊണ്ടുപോയിരുന്നു.

ഭയാനകമായ ആ നിമിഷങ്ങൾ സുബീസിനെയും മാതാപിതാക്കളെയും വിട്ടകലുന്നില്ല.

ആസംഭവത്തെക്കുറിച്ച് പറയുമ്പോൾ സുബീസിന്റെ അച്ഛൻ ഭാസ്കരന് ഭീതി അകലുന്നില്ല. ഭാസ്കരൻ പറയുന്നു-

''പുലർച്ചെ മൂന്ന് മണിയോടെ പായയിൽ നിന്ന് ആരോ എന്തോ വലിച്ചെടുത്തുകൊണ്ടുപോയെന്ന് തോന്നി ഉണർന്നപ്പോഴാണ് ആ കാഴ്ച കണ്ടത്. സുബീസിനെ തലയുടെ പിൻഭാഗത്ത് കടിച്ചെടുത്ത് പുലി ഒാടുന്നു. നിലവിളിക്കാൻ കുട്ടിയുടെ ശബ്ദം പുറത്തേക്കു വന്നില്ല. ഞെട്ടിയുണർന്ന അമ്മ മഞ്ജുവും സഹാേദരങ്ങളും അലറി വിളിച്ചു. ഒരു നിമിഷം പാഴാക്കാതെ വടിയുമായി ഞാൻ പുലിയുടെ പിന്നാലെ ഒാടി. പാറക്കെട്ടുകൾ കടന്ന് മരച്ചില്ലകൾക്കിടയിലൂടെ അലമുറയിട്ട് കുതിച്ചു പാഞ്ഞു. പുലിയെ കമ്പും കല്ലുകളുമെറിഞ്ഞു. തിരിഞ്ഞുനോക്കിയ പുലി കുട്ടിയെ താഴെയിട്ട് കടന്നു . അപ്പോഴേക്കും വീട്ടിൽ നിന്ന് ഒരു കിലോമീറ്ററോളം പിന്നിട്ടിരുന്നു.

കുട്ടി ഇപ്പോഴും അവശൻ

ശബരിമല തീർത്ഥാടന കാലമായതിനാൽ ദർശനം കഴിഞ്ഞുമടങ്ങിയവരുടെ വണ്ടിയിൽ നിലയ്ക്കലിലെ ആശുപത്രിയിലെത്തിച്ചു. അബോധാവസ്ഥയിലായിരുന്നു കുട്ടി. തലയിലെ ചോര കഴുകിക്കളഞ്ഞപ്പോൾ പുലിയുടെ രണ്ട് പല്ലുകൾ ആഴ്ന്നിറങ്ങിയതായി കണ്ടു. തലയിലെ മാംസം ഇളകിയ നിലയിലായിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മുറിവ് തലച്ചോറിലേക്ക് ഇറങ്ങിയതിനാൽ അണുബാധയുണ്ടായി. തലയിൽ പതിമൂന്ന് തുന്നലുകളുണ്ടായിരുന്നു. മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. സുബീസ് പൂർണ ആരോഗ്യവാനായിട്ടില്ല. ഇടയ്ക്കിടെ ബോധക്ഷയമുണ്ടായി വീഴും. രാത്രിയിൽ പുലിയും കടുവയും ആക്രമിക്കാൻ വരുന്നത് സ്വപ്നം കണ്ട് പാേടിച്ച് ഞെട്ടിയുണരും.