ശബരിമല റോപ് വേ : വന്യജീവി ബോർഡിന്റെ പരിശോധന നാളെ

Thursday 09 October 2025 11:20 PM IST

പത്തനംതിട്ട : ശബരിമല റോപ് വേ സംബന്ധിച്ച അന്തിമ അനുമതി നൽകുന്നതിന് മുന്നോടിയായുള്ള കേന്ദ്ര വന്യജീവി ബോർഡിന്റെ പരിശോധന നാളെ നടക്കും. കഴിഞ്ഞ ആഗസ്റ്റ് 19ന് ചേർന്ന വന്യജീവി ബോർഡിന്റെ തീരുമാനപ്രകാരമാണ് പരിശോധന. ദേശീയ കടുവാ സംരക്ഷണ സമിതി, പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ, സംസ്ഥാന വനംവകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സംഘത്തിലുള്ളത്. ഇവർക്കൊപ്പം വനംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സന്ദീപ്, ഫീൽഡ് ഡയറക്ടർ പ്രമോദ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പ്രമോദ്, റോപ് വേ പ്രതിനിധി എന്നിവരും ഉണ്ടാകം. സംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ മാസം ചേരുന്ന വന്യജീവി ബോർഡ് യോഗത്തിൽ അന്തിമ അനുമതി ലഭിക്കുമെന്നാണ് സൂചന. ഇതോടെ വനം വകുപ്പിന്റെ തത്വത്തിലുള്ള അംഗീകാരം (സ്റ്റേജ് വൺ അനുമതി) ലഭിക്കും. പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം കൊല്ലം ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനിലെ കട്ടിളപ്പാറ സെറ്റിൽമെന്റിൽ കണ്ടെത്തിയ 4.5336 ഹെക്ടർ റവന്യു ഭൂമി കൈമാറുന്നതോടെ സ്‌റ്റേജ് രണ്ട് പ്രവൃത്തികളും പൂർത്തിയാകും. ഇതോടെ നിർമ്മാണ പ്രവർത്തനത്തിന് തുടക്കം കുറിക്കാൻ കഴിയും.ബി.ഒ.ടി അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ച പദ്ധതി വനംവകുപ്പിന്റെ തടസവാദങ്ങളും പകരംഭൂമി കണ്ടെത്തുന്നതിലെ കാലതാമസവും മൂലമാണ് നീണ്ടുപോയത്. ഹൈക്കോടതിയുടെ ഇടപെടലുകളും വി.എൻ.വാസവൻ ദേവസ്വം മന്ത്രിയായതും ദേവസ്വം ബോർഡിൽ പി.എസ്.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിൽ വന്നതുമാണ് പദ്ധതിക്ക് വേഗം കൂടാൻ കാരണം.

ചരക്കുനീക്കം സുഗമമാകും

പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാനും ആംബുലൻസ് സർവീസിനുമായി 2011ലാണ് റോപ് വേ പദ്ധതിക്ക് തുടക്കം കുറിച്ചത്. നടന്ന് മലകയറാൻ ആരോഗ്യ പ്രശ്നമുള്ളവരേയും അത്യാവശ്യ ഘട്ടങ്ങളിൽ മറ്റുള്ളവരെയും കയറ്റാൻ കഴിയുന്ന തരത്തിലാണ് റോപ് വേ നിർമ്മാണം.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ട്രാക്ടർ സർവീസും, ഡോളി സർവീസും അവസാനിപ്പിക്കാൻ കഴിയും. പമ്പ ഹിൽ ടോപ്പിൽ നിന്ന് മാളികപ്പുറം പൊലീസ് ബാരക്കിന് സമീപംവരെ നിർമ്മിക്കുന്ന റോപ് വേയിൽ ഒരേസമയം 60 ക്യാബിനുകൾ നീങ്ങും. സാധനങ്ങൾ സൂക്ഷിക്കാൻ പമ്പ ത്രിവേണി ഹിൽടോപ്പിലും മാളികപ്പുറത്തും ഓട്ടോമേറ്റഡ് വെയർ ഹൗസുകൾ നിർമ്മിക്കും.

നീളം: 2.7 കി.മീ

ടവറുകൾ : 5

പ്രതീക്ഷിക്കുന്ന ചെലവ് .150 മുതൽ 180 കോടി വരെ

ഒരു സെക്കന്റിൽ സഞ്ചരിക്കുന്ന ദൂരം: 3 മീറ്റർ

ഒരു ക്യാബിനിൽ കയറ്റാവുന്ന ഭാരം : 500 കിലോ