വിജിലൻസിലുള്ളവർ സമർത്ഥരാണെന്ന് ഉറപ്പാക്കണം: ഹൈക്കോടതി

Friday 10 October 2025 12:24 AM IST

കൊച്ചി: വിജിലൻസ് വകുപ്പിലേക്ക് നിയോഗിക്കപ്പെടുന്നത് സമർത്ഥരായ ഉദ്യോഗസ്ഥരാണെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. അഴിമതി നിരോധന നിയമപ്രകാരം ഗൗരവമുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന വകുപ്പാണിത്. ഭൂവില നിർണയവുമായി കോഴ ചോദിച്ചെന്ന കേസിലെ പ്രതികളായ രണ്ട് റവന്യൂ ഉദ്യോഗസ്ഥർ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലെ ഇടക്കാല ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം.

12 സെന്റ് കുത്തകപ്പാട്ട ഭൂമിയുടെ വില നിർണയത്തിൽ ഇളവ് നൽകാൻ ഉദ്യോഗസ്ഥരായ പി.ഡി.സുധിയും എസ്. സുഭാഷും കോഴ ആവശ്യപ്പെട്ടെന്നാണ് ആലപ്പുഴ തലവടി സ്വദേശി പരാതി നൽകിയിരുന്നത്. എന്നാൽ കോഴ വാങ്ങുന്നതിന് ശിക്ഷ ഉറപ്പാക്കുന്ന വകുപ്പ് ഒഴിവാക്കി, മോശം പെരുമാറ്റത്തിനുള്ള വകുപ്പ് പകരം ചേർത്താണ് വിജിലൻസ് കേസെടുത്തത്. കോഴ ആവശ്യപ്പെട്ടതേയുള്ളൂ കൈപ്പറ്റിയിട്ടില്ലെന്ന വിലയിരുത്തലിലാണിത്. ഇതോടെ അഴിമതിക്കേസിന്റെ അന്വേഷണ സാദ്ധ്യത തന്നെ ഇല്ലാതായെന്ന് വിലയിരുത്തിയ കോടതി, വിജിലൻസ് ഉദ്യോഗസ്ഥനെയും മേലധികാരിയെയും വിളിച്ചുവരുത്തി. ഇവർ പിഴവ് സമ്മതിക്കുകയും ചെയ്തു. ഉത്തരവിന്റെ പകർപ്പ് സംസ്ഥാന പൊലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും അയച്ചുകൊടുക്കാനും രജിസ്ട്രിയോട് ആവശ്യപ്പെട്ടു. ന്യായമായ ഭൂവില ഈടാക്കാൻ ശ്രമിച്ചതിന്റെ വിരോധത്തിലാണ് കോഴ ആരോപണമെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ അഡ്വ.വി.സേതുനാഥ് ചൂണ്ടിക്കാട്ടി. അന്തിമ റിപ്പോർട്ട് നൽകിയ ശേഷമാണ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുണ്ടായത്. അതിനാൽ കേസ് നിലനിൽക്കില്ലെന്നും വാദിച്ചു. തുടർന്ന് പരാതിക്കാരനോട് 15ന് നേരിൽ ഹാജരായി വിശദീകരണം നൽകാൻ കോടതി നിർദ്ദേശിച്ചു.