കള്ളൻമാരിൽ നിന്ന് ശബരിമലയെ മോചിപ്പിക്കണം:വേണുഗോപാൽ #പത്തനംതിട്ടയിലെ വിശ്വാസ സംഗമത്തിൽ സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങൾ

Friday 10 October 2025 12:00 AM IST

പത്തനംതിട്ട: ശബരിമലയെ കള്ളൻമാരിൽ നിന്ന് മോചിപ്പിക്കണമെന്നും അതിനുള്ള യജ്ഞം കോൺഗ്രസ് ആരംഭിച്ചതായും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.ശബരിമലയിലെ സ്വർണക്കൊള്ളയെക്കുറിച്ച് ഹൈക്കോടതി മേൽനോട്ടത്തിൽ സി.ബി. ഐ അന്വേഷിക്കണം. പത്തനംതിട്ടയിൽ കോൺഗ്രസ് നേതൃത്വത്തിൽ നടന്ന വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങളാണ് സംഗമത്തിൽ പങ്കെടുത്തത്.

ദേവസ്വത്തിന്റെ കട്ട മുതൽ എവിടെ എന്ന് പിണറായി പറയണം. അമ്പലം വിഴുങ്ങികൾക്ക് വിശ്വാസികൾ മാപ്പ് നൽകില്ല. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ദേവന്റെ ബാക്കി സ്വർണവും ചെമ്പാകുമായിരുന്നു.

2019 ൽ ശബരിമലയിലെ ആചാരം ലംഘിച്ച്. രണ്ട് യുവതികളെ അവിടെക്കയറ്റി വിപ്ളവം ജയിക്കട്ടെയെന്ന് സർക്കാർ പ്രഖ്യാപിച്ചു. മനംനൊന്ത അയ്യപ്പൻമാർ കടുത്ത ശിക്ഷ നൽകി. പിന്നീട് സ്വർണപ്പാളി കടത്തിക്കൊണ്ടുപോയി. കട്ടുകൊണ്ടു പോയ മുതലുമായി ഉണ്ണികൃഷ്ണൻ പോറ്റി ഘോഷയാത്ര നടത്തി. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ദേവസ്വം വിജിലൻസും എ.ഡി.ജി.പിയും നൽകിയ റിപ്പോർട്ട് പൂഴ്ത്തി. തട്ടിപ്പുകാരനാണന്ന് അറിഞ്ഞിട്ടും 2025ൽ ഉണ്ണികൃഷണൻ പോറ്റിയെ സ്വർണമുതലുകൾ ഏൽപ്പിച്ചു. പിണറായിയുടെ മടിയിൽ നല്ല കനമുണ്ട്. അതുകൊണ്ടാണ് പിണറായി പ്രതിപക്ഷത്തെ പേടിക്കുന്നത്.

പ്രതികളെ രക്ഷിക്കാൻ

ശ്രമം : സണ്ണി ജോസഫ്

പ്രതികളെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ഭക്തി അഭിനയിച്ചാൽ വിശ്വാസികൾ കടുത്ത ശിക്ഷനൽകുമെന്ന് പിണറായിയും എം.വി ഗോവിന്ദനും മനസിലാക്കണം. വിശ്വാസികളുടെ പ്രതിഷേധത്തിന്റെ ആദ്യഘട്ടമാണിത്.

സംസ്ഥാനത്തിന്റെ നാലുഭാഗത്തുനിന്നുള്ള വിശ്വാസസംരക്ഷണ യാത്രകൾ 18ന് ചെങ്ങന്നൂരിൽ സംഗമിച്ച് പദയാത്രയായി പന്തളത്ത് സമാപിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.

പോരാട്ടം തുടരും:

ചെന്നിത്തല

വിശ്വാസ സംരക്ഷണത്തിനായി കോൺഗ്രസ് പോരാട്ടം തുടരുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി വിജയൻ വിശ്വാസികൾക്കെതിരാണ്. വോട്ടുകൾക്ക് വേണ്ടി കപട ഭക്തനാവുകയാണ്. ആചാരം ലംഘിച്ച് വിശ്വാസികളെ വഞ്ചിച്ച സർക്കാരിന് ജനങ്ങൾ കടുത്ത ശിക്ഷ നൽകും