ആശമാരുടെ വേതനം 1500 രൂപ വർദ്ധിപ്പിക്കണം, സമിതി റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: ആശാവർക്കർമാർക്ക് സേവനകാലാവധി കണക്കാക്കി നാമമാത്ര ഓണറേറിയം വർദ്ധന ശുപാർശ ചെയ്ത് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി.കുമാർ ചെയർപേഴ്സണായ സമിതി. പത്തുവർഷം പൂർത്തിയാക്കിയവർക്ക് പ്രതിമാസം 1500 രൂപയും അല്ലാത്തവർക്ക് 1000 രൂപയും വർദ്ധിപ്പിക്കണമെന്നാണ് ഓഗസ്റ്റിൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശ. ഇതിലെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. നിലവിലെ 7000 രൂപ ഓണറേറിയം 21000യായി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ആശമാർ സമരം ചെയ്യുന്നത്.ആശമാർ 60 വയസ് പൂർത്തിയാകുന്ന മാസത്തിന്റെ അവസാനദിവസം സേവനം അവസാനിപ്പിക്കണമെന്നും റിപ്പോർട്ടിൽ. ഓണറേറിയം ലഭിക്കുന്നതിന് മുൻപുണ്ടായിരുന്ന 10 മാനദണ്ഡങ്ങളിൽ ഏഴെണ്ണം ആശമാർ നിർബന്ധമായും ചെയ്യേണ്ട പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി ഉത്തരവിറക്കണം. ഓണറേറിയവും ആനുകൂല്യങ്ങളും എല്ലാമാസവും പത്തിനുള്ളിൽ ലഭ്യമാക്കണം.കേന്ദ്ര സർക്കാരിന്റെ സ്‌കീം ഗൈഡ്ലൈൻ അനുസരിച്ച് 60 വയസാകുന്ന ആശമാർക്ക് 50,000 രൂപയുടെ ഗോൾഡൻ ഷേക്ക്ഹാൻഡ് പദ്ധതി നടപ്പാക്കാം. ശൈലി ആപ്പ് പൂർത്തിയാക്കുന്നതിനായി പ്രതിമാസം 500 രൂപയും 1000 രൂപയോളം ഓണറേറിയം വർദ്ധനയും പത്തുവർഷം പൂർത്തിയായവർക്ക് 500 രൂപ വർദ്ധനവും സർക്കാരിന്റെ സാമ്പത്തികസ്ഥിതി പരിഗണിച്ച് ഘട്ടംഘട്ടമായി നടപ്പിലാക്കാം.അതേസമയംആശാ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച പഠനസമിതിയുടെ റിപ്പോർട്ട് തികച്ചും നിരാശാജനകമാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ (കെ.എ.എച്ച്.ഡബ്ലിയു.എ).ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ സമരം ഒത്തുതീർപ്പാക്കണം.ഇക്കാര്യമുന്നയിച്ച് ഒക്ടോബർ 22ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ചികിത്സാ ആനുകൂല്യം 1. അടിയന്തര സാഹചര്യത്തിലൊഴികെ പൊതുഅവധികൾ ആശമാർക്ക് ബാധകമാക്കാം. ആശുപത്രികളിൽ ബി.പി.എൽ വിഭാഗത്തിനുള്ള ചികിത്സാ ആനുകൂല്യങ്ങളും ലഭ്യമാക്കാം
2. സമരത്തിലുള്ള ആശമാരുടെ തടഞ്ഞുവച്ച ഇൻസെന്റീവും ഓണറേറിയവും നൽകണം. സമരത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുന്നത് പരിഗണിക്കണം