സ്വർണം റെക്കാഡ് കുതിപ്പ് തുടരുന്നു
Friday 10 October 2025 12:39 AM IST
കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സ്വർണ വിലയിലെ കുതിപ്പ് ഇന്നലെയും തുടർന്നു. കേരളത്തിൽ പവൻ വില ഇന്നലെ 160 രൂപ ഉയർന്ന് 91,040 രൂപയിലെത്തി റെക്കാഡിട്ടു. ഗ്രാമിന്റെ വില 20 രൂപ കൂടി 11,380 രൂപയിലത്തി. രാജ്യാന്തര വിപണിയിൽ വില ഇന്നലെ 4,020 ഡോളറിലേക്ക് താഴ്ന്നു. അമേരിക്കൻ ഡോളറിൽ നിന്ന് നിക്ഷേപകർ പിന്മാറുന്നതാണ് സ്വർണത്തിന് അനുകൂലമാകുന്നത്. അമേരിക്കൻ സർക്കാരിന്റെ ഷട്ട്‌ഡൗണിൽ തുടരുന്നതും ഫ്രാൻസിലെയും ജപ്പാനിലെയും രാഷ്ട്രീയ പ്രതിസന്ധികളും കണക്കിലെടുത്താണ് നിക്ഷേപകർ സുരക്ഷിത മേഖലയായ സ്വർണത്തിലേക്ക് പണമൊഴുക്കുന്നത്. ഇതിനിടെ ചരിത്രത്തിലാദ്യമായി വെള്ളി വില ഔൺസിന് 50 ഡോളർ കവിഞ്ഞു. നടപ്പുവർഷം ഇതുവരെ സ്വർണ വിലയിൽ 53 ശതമാനം വർദ്ധനയാണുണ്ടായത്.