അധികാരത്തർക്കത്തിൽ വലഞ്ഞ് ടാറ്റ ഹൗസ്

Thursday 09 October 2025 11:44 PM IST

ടാറ്റ ട്രസ്‌റ്റ്‌സ് അംഗങ്ങളുടെ നിർണായക യോഗം ഇന്ന്

ഏറ്റുമുട്ടലിന്റെ പാതയിൽ നോയൽ ടാറ്റയും മെഹ്‌ലി മിസ്ട്രിയും

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യമായ ടാറ്റ സൺസിന്റെ ഭൂരിപക്ഷ ഓഹരിയുടമകളായ ടാറ്റ ട്രസ്‌റ്റ്‌സിലെ അധികാരത്തർക്കത്തിനിടെ ട്രസ്‌റ്റികളുടെ നിർണായക യോഗം ഇന്ന് മുംബയിൽ നടക്കും. ടാറ്റ ട്രസ്‌റ്റ്‌സിന്റെ ദീർഘകാല ചെയർമാനായിരുന്ന രത്തൻ ടാറ്റയുടെ ഒന്നാം ചരമ വാർഷികത്തിന്റെ ശോഭ കെടുത്തിയാണ് തർക്കം രൂക്ഷമായത്. ട്രസ്‌റ്റ്‌സിന്റെ ചെയർമാനായ നോയൽ ടാറ്റയുടെ ഗ്രൂപ്പും, ഷപൂർജി പല്ലോൻജി കുടുംബാംഗവും അന്തരിച്ച സൈറസ് മിസ്ട്രിയുടെ അടുത്ത ബന്ധുവുമായ മെഹ്‌ലി മിസ്ട്രിയുടെ നേതൃത്വത്തിലുള്ള പക്ഷവുമാണ് പോരാടുന്നത്.

ഉപ്പ് മുതൽ ഐ.ടി വരെയുള്ള മേഖലകളിൽ സാന്നിദ്ധ്യമുള്ള രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യമായ ടാറ്റ സൺസിന്റെ 66 ശതമാനം ഓഹരികൾ ടാറ്റ ട്രസ്‌റ്റ്‌സിന്റെ കൈവശമാണ്. നോയൽ ടാറ്റയും വേണു ശ്രീനിവാസനുമാണ് ട്രസ്‌റ്റിലെ പ്രധാന അംഗങ്ങൾ. മുൻ പ്രതിരോധ സെക്രട്ടറി വിജയ് സിംഗ്, മെഹ്‌ലി മിസ്ട്രി, പ്രമുഖ അഭിഭാഷകൻ ഡാരിയസ് ഖംബഡ, ജഹാംഗീർ എച്ച്.സി ജഹാംഗീർ, സിറ്റി ഇന്ത്യയുടെ മുൻ സി.ഇ.ഒ പ്രമിത് സാവേരി എന്നിവരാണ് മറ്റ് ട്രസ്‌റ്റികൾ. ഇതിൽ വേണു ശ്രീനിവാസനും വിജയ് സിംഗും നോയൽ ടാറ്റയോട് ആഭിമുഖ്യം പുലർത്തുന്നു. മറ്റ് മൂന്നുപേരും മെഹ്‌ലി മിസ്ട്രിയോടൊപ്പമാണ്. ഷപൂർജി പല്ലോൻജി കുടുംബത്തിന് ടാറ്റ സൺസിൽ 18.37 ശതമാനം ഓഹരികളുണ്ട്.

തർക്കങ്ങളുടെ തുടക്കം

സെപ്തംബർ 11ന് നടന്ന ടാറ്റ ട്രസ്റ്റ്‌സിന്റെ ബോർഡ് യോഗത്തിൽ 77 വയസുള്ള വിജയ് സിംഗിനെ ടാറ്റ സൺസിന്റെ ഡയറക്‌ടറായി പുനർനിയമിക്കാൻ നോയൽ ടാറ്റ വിഭാഗം നിർദ്ദേശിച്ചതിനെ മെഹ്‌ലി പക്ഷം എതിർത്തതോടെയാണ് തർക്കം രൂക്ഷമായത്. 75 കഴിഞ്ഞ ഡയറക്‌ടർമാരെ ഓരോ വർഷവും പുനർനിയമിക്കണമെന്ന നയം രത്തൻ ടാറ്റയുടെ മരണത്തിന് ശേഷം നടപ്പാക്കിയിരുന്നു. വിജയ് സിംഗിന്റെ കാലാവധി കഴിഞ്ഞതും വീണ്ടും നിയമിക്കാനുള്ള തീരുമാനവും മുൻകൂർ അറിയിച്ചില്ലെന്ന് ആരോപിച്ചാണ് മെഹ്‌ലി പക്ഷം നിർദ്ദേശത്തെ എതിർത്തത്. അതേസമയം ബോർഡിലെ മേധാവിത്വം ഉപയോഗപ്പെടുത്തി ടാറ്റ ട്രസ്‌റ്റ്‌സിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് മിസ്ട്രി ഗ്രൂപ്പിന്റെ നീക്കമെന്ന് നോയൽ ടാറ്റ പക്ഷവും ആരോപിച്ചു.

ആന്തരികമായി പരിഹരിക്കണമെന്ന് കേന്ദ്ര സർക്കാർ

രാജ്യത്തെ ഏറ്റവും പ്രധാന ബിസിനസ് ഗ്രൂപ്പായ ടാറ്റ സൺസിലെ തർക്കങ്ങൾ ആഭ്യന്തരമായി പരിഹരിക്കണമെന്ന് കേന്ദ്ര സർക്കാർ നേതൃത്വത്തോട് നിർദ്ദേശിച്ചു. നോയൽ ടാറ്റയും വേണു ശ്രീനിവാസനും ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരുമായി ചർച്ച നടത്തിയിരുന്നു.

സമാധാനത്തിലേക്ക്?

ടാറ്റ ട്രസ്‌റ്റ്‌സിലെ തർക്കങ്ങൾ പരിഹരിക്കാൻ തിരക്കിട്ട ശ്രമം തുടരുകയാണ്. ടാറ്റ സൺസിനെ സ്വകാര്യ കമ്പനിയായി നിലനിറുത്താൻ എല്ലാ ട്രസ്‌റ്റികളും ധാരണയിലെത്തിയെന്നാണ് വിവരം. ഇന്ന് നടക്കുന്ന ട്രസ്‌റ്റ് യോഗത്തിന് ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടായേക്കും.

ടാറ്റ ഗ്രൂപ്പ് ആസ്തി

18,000 കോടി രൂപ