ആഫ്രിക്കയോട് അടിയറവ്
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി
വിശാഖപട്ടണം : വനിതാ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മൂന്ന് വിക്കറ്റിന് തോറ്റ് ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 49.5 ഓവറിൽ 251 റൺസിന് ആൾഔട്ടായപ്പോൾ 48.5 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തുകയായിരുന്നു. 54 പന്തുകളിൽ പുറത്താകാതെ എട്ടുഫോറും അഞ്ചുസിക്സുമടിച്ച് 84 റൺസ് നേടിയ നാദീൻ ക്ളാർക്കും, 70 റൺസ് നേടിയ ക്യാപ്ടൻ ലോറ വോൾവാറ്റും, 49 റൺസ് നേടിയ കോൾ ട്രയോണും ചേർന്നാണ് ഇന്ത്യയെ ചേസിംഗിൽ കീഴടക്കിയത്. 81/5 എന്ന നിലയിൽ നിന്നാണ് ദക്ഷിണാഫ്രിക്ക വിജയത്തിലെത്തിയത്.
102/6 എന്ന നിലയിൽ പതറിയ ഇന്ത്യയെ 251 റൺസിലേക്ക് എത്തിച്ച് റിച്ച ഘോഷിന്റെ പോരാട്ടം. എട്ടാം നമ്പർ പൊസിഷനിൽ ബാറ്റിംഗിനിറങ്ങി 77 പന്തുകളിൽ 11 ഫോറുകളും നാലുസിക്സുകളുമടക്കം 94 റൺസ് നേടിയ റിച്ചയ്ക്കൊപ്പം എട്ടാം വിക്കറ്റിൽ 88 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച സ്നേഹ് റാണയുടെ (33) ഇന്നിംഗ്സും ഇന്ത്യയ്ക്ക് കരുത്തായി.
നേരത്തേ മഴമൂലം വൈകിത്തുടങ്ങിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഉപനായിക സ്മൃതി മാന്ഥനയും (23) പ്രതിക റാവലും (37) ചേർന്ന് മാന്യമായ തുടക്കമാണ് നൽകിയത്. ഓപ്പണിംഗിൽ 10.2 ഓവറിൽ ഇവർ 55 റൺസ് കൂട്ടിച്ചേർത്തു. സ്മൃതിയെ പുറത്താക്കിയ മ്ളാബ 17-ാം ഓവറിൽ ഹർലീൻ ഡിയോളിനെയും (13) പുറത്താക്കി. 20-ാം ഓവറിൽ പ്രതിക, അടുത്ത ഓവറിൽ ജമീമ റോഡ്രഗസ്(0), 25-ാം ഓവറിൽ ഹർമൻപ്രീത് കൗർ (13),26-ാം ഓവറിൽ ദീപ്തി ശർമ്മ (4) എന്നിവർ കൂടി പെട്ടെന്ന് മടങ്ങിയതോടെയാണ് ഇന്ത്യ 102/6ലേക്ക് പതറിയത്.
ഇതോടെ ക്രീസിൽ ഒരുമിച്ച അമൻജോത് കൗറും (13) റിച്ചയും ചേർന്ന് 153ലെത്തിച്ചു. അവിടെ വച്ച് അമൻജോത് പുറത്തായപ്പോഴാണ് സ്നേഹ് റിച്ചയ്ക്ക് കൂട്ടിനെത്തിയത്.49-ാം ഓവറിൽ ടീം സ്കോർ 241ലെത്തിയപ്പോൾ സ്നേഹ് മടങ്ങി. അവസാന ഓവറിന്റെ നാലാം പന്തിൽ റിച്ചയും അഞ്ചാം പന്തിൽ ശ്രീ ചരണിയും പുറത്തായതോടെ ഇന്ത്യ ആൾഔട്ടായി.
മൂന്നുമത്സരങ്ങളിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. നാലുപോയിന്റുള്ള ഇന്ത്യ മൂന്നാമതും ദക്ഷിണാഫ്രിക്ക നാലാമതുമാണ്. ഞായറാഴ്ച ഓസ്ട്രേലിയയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
982 റൺസ്,
സ്മൃതിക്ക് റെക്കാഡ്
ഒരു കലണ്ടർ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വനിതാ ക്രിക്കറ്റർ എന്ന റെക്കാഡ് ഇനി ഇന്ത്യൻ താരം സ്മൃതി മാന്ഥനയ്ക്ക് സ്വന്തം. 1997ൽ 970 റൺസ് നേടിയിരുന്ന ബെലിൻഡ ക്ളാർക്കിന്റെ റെക്കാഡാണ് സ്മൃതി തകർത്തത്. ഇന്നലെ 23 റൺസടിച്ച സ്മൃതിയുടെ ഈവർഷത്തെ ആകെ റൺനേട്ടം 982 റൺസായി.