എന്തുവന്നാലും സഞ്ജുവിനെ ഒഴിവാക്കില്ലായിരുന്നു : സൂര്യ

Friday 10 October 2025 12:03 AM IST

പ്ലേയിംഗ് ഇലവനിൽ സഞ്ജു വേണമെന്ന് ഗംഭീറിന് നിർബന്ധമുണ്ടായിരുന്നു

മുംബയ് : ഏഷ്യാകപ്പിൽ ശുഭ്മാൻ ഗില്ലും വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയും ടീമിലുണ്ടായിരുന്നെങ്കിലും സഞ്ജു സാംസണെ പ്ളേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കാൻ തനിക്കും കോച്ച് ഗൗതം ഗംഭീറിനും ഒരു ഉദ്ദേശവും ഇല്ലായിരുന്നുവെന്ന് ക്യാപ്ടൻ സൂര്യകുമാർ യാദവ്. കഴിഞ്ഞദിവസം ഒരു അവാർഡ് നൈറ്റിൽ ഇക്കാര്യത്തെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നിൽക്കുകയായിരുന്നു സൂര്യ. '' ടീം പ്രഖ്യാപിച്ചപ്പോൾ തന്നെ സഞ്ജുവിന്റെ കാര്യത്തിൽ പല ചർച്ചകളും ഉയർന്നിരുന്നു. എന്നാൽ ഗൗതി ഭായ്‌യ്ക്ക് ഒരു സംശയവുമില്ലായിരുന്നു. ഓപ്പണറായി അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു പൊസിഷനിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ട്രെയിനിംഗ് ക്യാമ്പിന്റെ തുടക്കത്തിലേ കോച്ച് പറഞ്ഞു. കഴിഞ്ഞ 10-15 ട്വന്റി-20 മത്സരങ്ങളിൽ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവയ്ക്കുന്നതെന്നും ഗൗതി ഭായ്‌ ചൂണ്ടിക്കാട്ടി "" - സൂര്യകുമാർ പറഞ്ഞു.

ഇക്കാര്യം സഞ്ജുവിനോട് പറഞ്ഞിരുന്നതായും ബാറ്റിംഗ് സ്ഥാനമേ മാറുന്നുള്ളൂവെന്നും പ്രാധാന്യം ഒട്ടും കുറയുന്നില്ലെന്ന് മനസിലാക്കാൻ സഞ്ജുവിന് കഴിഞ്ഞുവെന്നും സൂര്യ പറഞ്ഞു. തങ്ങൾ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് പല പൊസിഷനുകളിലായി കളിച്ചിട്ടും സഞ്ജു പുറത്തെടുത്തതെന്നും സൂര്യ പറഞ്ഞു.

നേരത്തേ ബാറ്റിംഗ് പൊസിഷനെക്കുറിച്ച് ചടങ്ങിൽ അവതാരക ചോദിച്ചപ്പോൾ ഇന്ത്യൻ കുപ്പായമണിഞ്ഞാൽ ഒൻപതാമനായി ബാറ്റുചെയ്യാനും സ്പിൻ ബൗളറാകാനും വരെ താൻ തയ്യാറാണെന്ന് സഞ്ജുവും പറഞ്ഞിരുന്നു.