സംസ്ഥാന സ്കൂൾ കായികമേള 'തങ്കു' ഭാഗ്യ ചിഹ്നം ; സഞ്ജു ബ്രാൻഡ് അംബാസഡർ

Friday 10 October 2025 12:07 AM IST

തിരുവനന്തപുരം : ഈമാസം 21 മുതൽ 28 വരെ തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് താരം സഞ്ജു സാംസൺ . സഞ്ജു സാംസൺ ഫൗണ്ടേഷനാണ് കായികമേളയുടെ എനർജി പാർട്ണർ. തങ്കു എന്നു പേരിട്ട അണ്ണാനാണ് മേളയുടെ ഭാഗ്യ ചിഹ്നം. ഭാഗ്യ ചിഹ്നത്തിന്റെ പ്രകാശനം മന്ത്രി വി.ശിവൻകുട്ടിയും കൈറ്റ് തയാറാക്കിയ പ്രമോ വിഡിയോകളുടെ പ്രകാശനം മന്ത്രി ജി.ആർ.അനിൽ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ് എന്നിവരും ചേർന്ന് നിർവഹിച്ചു.

മേളയ്ക്ക് ഒരാഴ്ച മുൻപ് വിളംബര ജാഥ സംഘടിപ്പിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ സ്കൂൾ മേളയുടെ മുഖ്യവേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നിന്നാരംഭിക്കുന്ന ദീപശിഖാ പ്രയാണത്തിൽ പ്രമുഖ താരങ്ങൾ പങ്കെടുക്കും.

12 വേദികളിൽ 40 ഇനങ്ങളിലായാണ് അത്‌ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾ. 21ന് വൈകിട്ട് ഉദ്ഘാടനവും മാർച്ച് പാസ്റ്റും

ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും. മത്സരങ്ങൾ 22ന് ആരംഭിക്കും. 12 ഗെയിംസ് മത്സരങ്ങൾ നടക്കുന്ന സെൻട്രൽ സ്റ്റേഡിയമാണു മുഖ്യവേദി. ഇവിടെ ജർമൻ ഹാംഗർ പന്തലിൽ താത്ക്കാലിക സ്റ്റേഡിയമൊരുക്കും. ഗൾഫിൽ നിന്നുള്ളവരും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരും അടക്കം ഇരുപതിനായിരത്തിലേറെ കുട്ടികൾ പങ്കെടുക്കും.

മേള നടത്തിപ്പിനായി എണ്ണൂറോളം ഒഫിഷ്യലുകൾ, മുന്നൂറ്റി അൻപതോളം സിലക്ടർമാർ, 200 സാങ്കേതിക വിദഗ്ധർ രണ്ടായിരത്തോളം , വാളണ്ടിയർമാർ എന്നിവരുമുണ്ടാകും. കുട്ടികളുടെ രചനകളിൽ നിന്നാണ് തീം സോംഗ് തിരഞ്ഞെടുക്കുന്നത്.

നഗരത്തിലെ 75 സ്കൂളുകളിൽ കുട്ടികൾക്ക് താമസ സൗകര്യമൊരുക്കും. ഗതാഗതത്തിന് 200 ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്.