പുനലൂർ ഇൻഡോർ സ്റ്റേഡിയം ഉടൻ തുറക്കാൻ നഗരസഭ
പുനലൂർ: ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടു വർഷത്തോളമായ പുനലൂർ ഇൻഡോർ സ്റ്റേഡിയം തുറക്കാനുള്ള നടപടിയുമായി നഗരസഭ. അഞ്ചു കോടിയിൽ പരം രൂപയാണ് സ്റ്റേഡിയത്തിന് ചെലവായത്.
സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ഭൂമി തരം മാറ്റുന്നതിനുള്ള കാലതാമസമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കെട്ടിടത്തിന് നമ്പർ ലഭിക്കാത്തതിനാൽ വൈദ്യുതി കണക്ഷനും ലഭിച്ചില്ല. കരഭൂമിയാക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. കൗൺസിലിൽ തീരുമാനമെടുത്ത് സർക്കാരിലേക്ക് കൊടുത്തിട്ടുണ്ട്. ആർ.ഡി.ഒയ്ക്ക് കത്ത് നൽകാനുള്ള അനുമതി ലഭിച്ചെന്നും കരഭൂമിയായി മാറ്റിക്കൊണ്ടുള്ള ഉത്തരവ് കൂടി കിട്ടിയാൽ മതിയെന്നും നഗരസഭ അധികൃതർ അറിയിച്ചു.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ച് സ്പോർട്സ് ഉപകരണങ്ങളും മറ്റും വാങ്ങാൻ വിളിച്ച ടെൻഡറിൽ അഞ്ച് അപേക്ഷകൾ ലഭിച്ചു. ഇതിൽ നഗരസഭ പ്രക്യുർ കമ്മിറ്റി തീരുമാനമെടുത്ത് കൗൺസിൽ അംഗീകരിച്ചാൽ ഉടൻതന്നെ സ്പോർട്സ് ഉപകരണങ്ങൾ വാങ്ങാനുള്ള നടപടി സ്വീകരിക്കും. ബാസ്കറ്റ്ബോൾ, ടെന്നീസ്, വോളിബോൾ തുടങ്ങിയവയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് സ്പോർട്സ് കേരള ഫൗണ്ടേഷനാണ്.
ഉടൻതന്നെ കായിക പ്രേമികൾക്കായി സ്റ്റേഡിയംതുറന്നു കൊടുക്കും. ജില്ലയിലെ കിഴക്കൻ മേഖലയിലുള്ളവരുടെ സ്വപ്നമായിരുന്നു ഇൻഡോർ സ്റ്റേഡിയം. ഒരു ടൂർണമെന്റ് നടത്തി തുറന്നു കൊടുക്കാനാണ് ആലോചിക്കുന്നത്
നഗരസഭ അധികൃതർ