പൾസ് പോളിയോ: പാലക്കാട് ജില്ലയിൽ 1.93 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
പാലക്കാട്: പോളിയോ രോഗത്തെ ഇല്ലാതാക്കാനായി 12ന് രാജ്യത്തുടനീളം നടക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിക്ക് പാലക്കാട് ജില്ലയിൽ ക്രമീകരണങ്ങൾ പൂർത്തിയായി. ജില്ലയിൽ അഞ്ചുവയസിൽ താഴെയുള്ള 1,92,960 കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകും. ഇതിൽ 363 അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളുമുണ്ട്. 2157 ബൂത്തിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സബ് നാഷണൽ ഇമ്മ്യൂണൈസേഷൻ ഡേയുടെ ഭാഗമായി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചുവരെയാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം. ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി കുട്ടികൾ വരാൻ സാദ്ധ്യതയുള്ള എല്ലാ പൊതുഇടങ്ങളിലും ബൂത്തുകൾ പ്രവർത്തിക്കും. അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്കായി മൊബൈൽ ബൂത്തുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരും വൊളന്റിയർമാരും തുള്ളിമരുന്ന് വിതരണത്തിന് നേതൃത്വം നൽകും. പൾസ് പോളിയോ ദിനത്തിൽ വാക്സിൻ ലഭിക്കാത്ത കുട്ടികളെ കണ്ടെത്താനും പ്രതിരോധം ഉറപ്പാക്കാനും പ്രത്യേക ക്രമീകരണങ്ങളുണ്ട്. ആദ്യദിനം മരുന്ന് ലഭിക്കാത്ത കുട്ടികൾക്കായി തുടർ ദിവസങ്ങളിൽ വൊളന്റിയർമാർ/ആരോഗ്യ പ്രവർത്തകർ മുഖേന വീടുകളിൽ പോയി തുള്ളിമരുന്ന് നൽകാനുള്ള ക്രമീകരണങ്ങളും പൂർത്തിയാക്കി. ജില്ലാതല ഉദ്ഘാടനം രാവിലെ എട്ടിന് കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കും. കെ.ശാന്തകുമാരി എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അദ്ധ്യക്ഷത വഹിക്കും. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിൽ ജില്ല മെഡിക്കൽ ഓഫീസർ ഡോ. ടി.വി.റോഷ്, ജില്ലാ ആർ.സി.എച്ച് ഡോ.എ.കെ.അനിത, ജില്ല വിദ്യാഭ്യാസ മാദ്ധ്യമ ഓഫീസർ എസ്.സയന, ഡെപ്യൂട്ടി വിദ്യാഭ്യാസ മാദ്ധ്യമ ഓഫീസർ രജിത, ഡി.പി.എച്ച്.എൻ രമ എന്നിവർ പങ്കെടുത്തു.