വ്യവസായ സ്മാർട് സിറ്റി: അടിസ്ഥാന സൗകര്യങ്ങൾ ഒറ്റഘട്ടമായി ഏർപ്പെടുത്തും
പാലക്കാട്: കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് സ്മാർട് സിറ്റി പദ്ധതിയുടെ അടിസ്ഥാന സൗകര്യവികസനം ഒറ്റഘട്ടമായി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ കേരള ഇൻഡസ്ട്രിയൽ കോറിഡോർ വികസന കോർപ്പറേഷൻ (കെ.ഐ.സി.ഡി.സി) ആരംഭിച്ചു. കരാർ നേടിയ ദിലീപ് ബിൽഡ്‌കോൺ പി.എസ്.പി സംയുക്ത സംരംഭത്തിന്റെയും കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റിന്റെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള ആദ്യ യോഗം അടുത്തയാഴ്ച നടക്കും. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ സ്മാർട്സിറ്റിയുടെ വികസനപ്രവർത്തനങ്ങൾ ആരംഭിക്കും വിധം ദ്രുതഗതിയിലാണ് നടപടികൾ പരോഗമിക്കുന്നതെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് പറഞ്ഞു. പദ്ധതി പ്രദേശത്ത് ആവശ്യമായ റോഡുകൾ, ഡ്രെയ്‌നേജുകൾ, പാലങ്ങൾ, ജലവിതരണ ശൃംഖല, അഗ്നിശമന മാർഗങ്ങൾ, ജലപുനരുപയോഗ സംവിധാനങ്ങൾ, സീവറേജ് ലൈനുകൾ, ഊർജ്ജവിതരണ സംവിധാനങ്ങൾ, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വ്യാവസായിക മലിനജല ശേഖരണ സംവിധാനങ്ങൾ, മലിനജല സംസ്‌കരണ പ്ലാന്റ് തുടങ്ങിയവയെല്ലാം അടിസ്ഥാന സൗകര്യ വികസനത്തിൽ ഉൾപ്പെടും.
രാജ്യത്ത് നടപ്പാക്കുന്ന 12 വ്യവസായ സ്മാർട് സിറ്റികളിൽ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കേരളം നടപടിക്രമങ്ങളിൽ ഏറെ മുന്നിലെത്തിക്കഴിഞ്ഞു. പദ്ധതിക്ക് ഘട്ടംഘട്ടമായാണ് കേന്ദ്രസർക്കാർ തുക അനുവദിക്കുക. കേന്ദ്രവിഹിതം കോർപ്പറേഷന് കൈമാറാനുള്ള താൽപര്യം അറിയിക്കുന്ന മുറയ്ക്ക് കിൻഫ്ര ഏറ്റെടുത്ത ഭൂമിയുടെ നിശ്ചിത ശതമാനം കെ.ഐ.സി.ഡി.സിക്ക് കൈമാറും. രണ്ടു ഗഡുക്കളായി കേന്ദ്രം 313.5 കോടി രൂപയും സംസ്ഥാനം 330 ഏക്കർ ഭൂമിയും കൈമാറിക്കഴിഞ്ഞു. മൂന്നാംഗഡു വൈകാതെ കേന്ദ്രം കൈമാറുമെന്നാണ് കരുതുന്നതെന്ന് കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് പറഞ്ഞു. 42 മാസം കൊണ്ട് അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാക്കി കമ്പനികൾക്ക് ഭൂമി അനുവദിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാനാണ് കെ.ഐ.സി.ഡി.സി ലക്ഷ്യമിടുന്നത്. 1,450 ഏക്കർ ഏറ്റെടുക്കുന്നതിനായി രണ്ടു വർഷം മുമ്പ് കിഫ്ബി വഴി സംസ്ഥാന സർക്കാർ 1,489 കോടി രൂപ ചെലവിട്ടിരുന്നു. കേരളം നടപടിക്രമങ്ങളിൽ ഏറെ മുന്നിലായതിൽ കേന്ദ്രം നേരത്തേ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനം കൈക്കൊണ്ട കാര്യങ്ങൾ 2024 ജൂണിൽ വ്യവസായ മന്ത്രി പി.രാജീവ് കേന്ദ്ര വ്യവസായ മന്ത്രി പീയൂഷ് ഗോയലിനെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് കേന്ദ്രം നടപടികൾ വേഗത്തിലാക്കിയത്.