കേക്ക് ഒഴിവാക്കാം, ഇവിടുണ്ട് ഡ്രാഗൺ 'ഫ്രൂട്ട്സ് ഹാമ്പർ'

Friday 10 October 2025 12:51 AM IST

കൊല്ലം: പിറന്നാളിന് ഇനി കേക്ക് വേണ്ട, ഡ്രാഗൺ ഫ്രൂട്ട് മുറിച്ച് ആഘോഷിക്കാം. കൃഷി വകുപ്പിന് കീഴിലെ സദാനന്തപുരം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പ്രോത്സാഹനത്തോടെ കർഷകയും റിട്ട. അദ്ധ്യാപികയുമായ രമാഭായിയാണ് 'ഫ്രൂട്ട്സ് ഹാമ്പർ' തയ്യാറാക്കിയത്.

പിറന്നാൾ കേക്ക് പായ്ക്ക് ചെയ്യുന്നപോലെ ഡ്രാഗൺ ഫ്രൂട്ടും പായ്ക്ക് ചെയ്ത് പരിഗണനയോടെ നൽകിയാൽ പ്രിയമേറുമെന്നാണ് ഇവർ പറയുന്നത്. ജൈവരീതിയിൽ വ്യാപകമായി ഡ്രാഗൺ ഫ്രൂട്ട്സ് രമഭായി കൃഷി ചെയ്യുന്നുണ്ട്. വിളഞ്ഞ് പഴുത്തവ വിൽക്കുന്നുമുണ്ട്. എന്നാൽ പ്രമേഹ രോഗികൾ ഏറെയുള്ള കാലത്ത് കൃത്രിമ കേക്കുകൾ കഴിച്ച് രോഗം കൂട്ടുന്നതിനേക്കാൾ ഈ ഫ്രൂട്ട് മുറിച്ച് കഴിച്ചാൽ പോരെ എന്നതായിരുന്നു ടീച്ചറുടെ ചിന്ത. സദാനന്തപുരം കാർഷിക വിജ്ഞാന കേന്ദ്രത്തിൽ ആശയം പങ്കുവച്ചപ്പോൾ കെ.വി.കെ മേധാവി ഡോ.ബിനി സാം പ്രോത്സാഹനം നൽകി. മനോഹരമായി പായ്ക്ക് ചെയ്താണ് ഡ്രാഗൺ ഫ്രൂട്ട്സ് 'വി.ഐ.പി' പരിഗണനയിൽ എത്തിച്ചത്.

പിറന്നാൾ ആഘോഷിച്ചു

റിട്ട. പ്രഥമാദ്ധ്യാപികയായ ചാത്തന്നൂർ കാരംകോട് കൃഷ്ണതീർത്ഥത്തിൽ രമാഭായി ഏറെക്കാലമായി ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. വീട്ടുപരിസരത്തും ടെറസിലുമായി വർഷം മുഴുവൻ ഫലം കിട്ടുന്ന വിധത്തിലാണ് ജൈവകൃഷി. ഭർത്താവ് റിട്ട.സീനിയർ ബാങ്ക് മാനേജർ പി.ഭുവനേന്ദ്രന്റെ പിറന്നാൾ ആഘോഷം ഇക്കുറി സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ചാണ് സംഘടിപ്പിച്ചത്. ഫ്രൂട്ട് ഹാമ്പർ മുറിച്ച് പിറന്നാൾ മധുരം പങ്കിട്ടു.

പിറന്നാളിന് മാത്രമല്ല, മറ്റ് വിശേഷങ്ങൾക്കും ഗിഫ്ട് കൊടുക്കാവുന്ന വിധത്തിലാണ് ഫ്രൂട്ട്സ് ഹാമ്പർ തയ്യാറാക്കിയത്.

രമാഭായി, കർഷക,

റിട്ട.പ്രഥമാദ്ധ്യാപിക