അഞ്ച് വർഷം: 'സർപ്പ'യിൽ കുടുങ്ങിയത് 2850 വിഷപ്പാമ്പുകൾ

Friday 10 October 2025 12:55 AM IST

കൊല്ലം: പാമ്പുകടിയേറ്റുള്ള മരണം തടയാൻ വനം വകുപ്പ് ആവിഷ്കരിച്ച സർപ്പ ആപ്പ് പ്രവർത്തനം ആരംഭിച്ച് അഞ്ച് വർഷത്തിനിടെ ജില്ലയിൽ പിടികൂടിയത് 2850 വിഷപ്പാമ്പുകളെ. 2020 ആഗസ്റ്റിലാണ് വനം വകുപ്പ് സർപ്പ ആപ്പ് ആരംഭിച്ചത്. 2019ൽ 123 പേരാണ് പാമ്പുകടിയേറ്റ് മരിച്ചത്. എന്നാൽ 2024ൽ എത്തിയപ്പോൾ 30 ആയി ചുരുങ്ങി.

വോളണ്ടിയർമാരുടെ സേവനം ലഭ്യമാക്കുന്നത് 'സർപ്പ' മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ്. പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. സർട്ടിഫിക്കേഷൻ ലഭിച്ച റെസ്‌ക്യൂവർമാരുടെ വിവരങ്ങളും റെസ്‌ക്യൂ പ്രവർത്തനങ്ങളുടെ ഏകോപനവും ആപ്പിലൂടെയാണ്. വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് ജില്ലകളിലെ റെസ്‌ക്യൂ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാമ്പുകൾ, പാമ്പുവിഷബാധ എന്നിവ സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ നൽകുന്നതിന് 'സർപ്പ പാഠം' ബോധവത്കരണ പരിപാടിയും അദ്ധ്യയന വർഷാരംഭത്തിന് മുന്നോടിയായി വിദ്യാലയ പരിസരങ്ങളിൽ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പാക്കുന്നതിന് സർപ്പ വോളണ്ടിയർമാരുടെ സേവനം ലഭ്യമാക്കുന്ന 'സർപ്പ സുരക്ഷ' പദ്ധതിയും വകുപ്പ് നടപ്പാക്കിവരുന്നു.

സാമൂഹിക വനവത്കരണ വിഭാഗം റേഞ്ച് ഫോറസ്റ്റ് ഓഫീസറാണ് ജില്ലാ കോ ഓർഡിനേറ്റർ. ജില്ലാ കോ ഓർഡിനേറ്ററെ സഹായിക്കാൻ സന്നദ്ധപ്രവർത്തകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ഫെസിലിറ്റേറ്റർമാരുമുണ്ട്. ഫോണിലൂടെയും ആപ്പ് വഴിയും വിവരം ലഭിക്കുന്ന എല്ലാ റെസ്‌ക്യൂ കോളുകളിലും സമയബന്ധിതമായി ഇടപെട്ട് പരിഹാരം കാണും. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററാണ് സർപ്പയുടെ സംസ്ഥാന നോഡൽ ഓഫീസർ.

'കടി' കുറച്ച് ആപ്പ്

 പാമ്പുകടി സാദ്ധ്യത ഒഴിവാക്കാനുള്ള മുൻകരുതൽ

 അടിയന്തരചികിത്സ ലഭ്യമാക്കുക

 ആന്റിവെനം ലഭ്യത ഉറപ്പാക്കുക

 ഡോക്ടർമാർക്ക് ഓറിയന്റേഷൻ

 ചികിത്സാ പ്രോട്ടോക്കോൾ

 വിദ്യാർത്ഥികൾ, അദ്ധ്യാപകർ, തൊഴിലുറപ്പ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, കർഷകത്തൊഴിലാളികൾ തുടങ്ങിയവർക്ക് ബോധവത്കരണം

 തദ്ദേശീയമായി ആന്റിവെനം ഉത്പാദനം

പ്രഥമശുശ്രൂഷ

കടിയേറ്റയാൾക്ക് ഭയമോ, മാനസിക പിരിമുറുക്കമോ ഉണ്ടാക്കരുത്. സൗകര്യപ്രദമായ രീതിയിൽ ഇരിക്കാൻ/കിടക്കാൻ അനുവദിക്കണം. പേശീചലനം നിയന്ത്രിക്കാൻ കടിയേറ്റഭാഗത്ത് പ്രഷർബാൻഡ് ചുറ്റാം. എന്നാൽ കടിയേറ്റഭാഗത്ത് മുറിവുണ്ടാകുകയോ, തിരുമ്മുകയോ, രാസവസ്തുക്കളോ, പച്ചമരുന്നുകളോ, സോപ്പ്, ഡെറ്റോൾ ഉപയോഗിച്ച് കഴുകുകയോ ചെയ്യരുത്. ഇത് വിഷബാധ വേഗത്തിൽ പടരുന്നതിനും രക്തസ്രാവത്തിനും കാരണമാകും.

ജില്ലയിൽ പരിശീലനം ലഭിച്ചവർ-47

വർഷം\ പിടികൂടിയ പാമ്പുകൾ

2020-84

2021-212

2022-484

2023-722

2024-810

2025-538

ജില്ലാ കോർഡിനേറ്റർ: 8547603705

ജില്ലാ ഫെസിലിറ്റേറ്റർ: 9947467006, 9495086150

ഡിവിഷണൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ

അച്ചൻകോവിൽ-9188407512

പുനലൂർ-9188407514

തെന്മല-9188407516

പദ്ധതി തുടങ്ങിയത് മുതൽ പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ ഗണ്യമായ കുറവുണ്ടായി.

കോശിജോൺ, അസി. കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി