മൃതദേഹം നായ്ക്കൾ കടിച്ചുകീറിയ നിലയിൽ: അവശേഷിച്ചത് മദ്ധ്യവയസ്കന്റെ അസ്ഥികൾ മാത്രം
കുന്നത്തൂർ: തെരുവ് നായ്ക്കൾ കടിച്ചുകീറിയ നിലയിൽ വടക്കൻ മൈനാഗപ്പള്ളിയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മദ്ധ്യവയസ്കന്റെ മൃതദേഹത്തിൽ അവശേഷിച്ചിരുന്നത് അസ്ഥികൂടം മാത്രം. മാംസഭാഗങ്ങൾ തെരുവ് നായ്ക്കൾ കടിച്ചെടുത്തതിന് പുറമേ പുഴുവരിച്ചും നശിച്ചിരുന്നു.
സോമവിലാസം ചന്തയ്ക്ക് സമീപം അഞ്ചുവിള കിഴക്കേതിൽ രാധാകൃഷ്ണപിള്ളയുടെ (55) മൃതദേഹമാണ് തെരുവ് നായ്ക്കൾ കടിച്ചുവലിച്ച നിലയിൽ കണ്ടെത്തിയത്. തനിച്ച് താമസിച്ചിരുന്ന രാധാകൃഷ്ണപിള്ള രോഗം മൂർച്ഛിച്ചും ആഹാരം ലഭിക്കാതെയും മരിച്ചാതാകാമെന്നാണ് പ്രാഥമിക നിഗമനം.
മരണം സംഭവിച്ച ശേഷം അടച്ചുറപ്പില്ലാത്ത കൂരയിൽ കിടക്കുകയായിരുന്ന മൃതദേഹം നായ്ക്കൾ ഭക്ഷിക്കുകയായിരുന്നു. നായ്ക്കൾ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടയിൽ മരച്ചുവട്ടിൽ തട്ടി മൃതദേഹം കിടന്നു. അവിവാഹിതനായ രാധാകൃഷ്ണ പിള്ള കുടുംബ വീട് സ്ഥിതി ചെയ്യുന്നതിനും ഏറെ പിറകിൽ കാടുപിടിച്ചുകിടക്കുന്ന ഭാഗത്തുള്ള ഷെഡിലാണ് താമസിച്ചിരുന്നത്.
മൂത്ത സഹോദരൻ മരിച്ചതോടെ കുടുംബവീട് പൂട്ടി സഹോദര ഭാര്യ വിദേശത്ത് മക്കളുടെ അടുത്തേക്ക് പോയി. ഏതാനും ദിവസം മുമ്പ് മടങ്ങിയെത്തിയ ഇവർ പരിസരം വൃത്തിയാക്കുന്നതിനിടയിൽ ദുർഗന്ധം വമിക്കുകയും ജോലിക്കെത്തിയ അഭിലാഷ് എന്നയാളോട് നോക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
രാധാകൃഷ്ണപിള്ളയുടെ സുഹൃത്ത് കൂടിയായ അഭിലാഷ് നടത്തിയ പരിശോധനയിലാണ് ദാരുണാന്ത്യം പുറംലോകം അറിയുന്നത്. പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ആഹാരസാധങ്ങളും ഇല്ല മരണ വിവരം അറിഞ്ഞെത്തിയവർക്ക് ചെറിയ കൂരയിൽ ആഹാരസാധങ്ങൾ ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല. കണ്ടത് മുഷിഞ്ഞ കുറച്ച് വസ്ത്രങ്ങൾ മാത്രം. ആഴ്ചകളായി പ്രദേശത്ത് ദുർഗന്ധം ഉണ്ടായിരുന്നെങ്കിലും പരിസരവാസികൾ കാര്യമാക്കിയിരുന്നില്ല. ഒരു മാസത്തിൽ അധികമായി രാധാകൃഷ്ണപിള്ളയെ നാട്ടിൽ കാണാനില്ലായിരുന്നു. കുടുംബക്ഷേത്രത്തിൽ വിളക്ക് വയ്ക്കുന്നതും പൂജാകർമ്മങ്ങൾ ചെയ്യുന്നതും ഇദ്ദേഹമായിരുന്നു. ഇതിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനമായിരുന്നു ഏകാശ്രയം. ക്ഷയരോഗത്തിന് ചികിത്സയിലുമായിരുന്നു.
മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ട്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ.
ബി.മുകേഷ്, ഡിവൈ.എസ്.പി, ശാസ്താംകോട്ട