ജില്ലയിൽ 28 കുട്ടികൾ ഫോസ്റ്റർ കെയറിൽ; ദത്തെടുത്തത് ആറ് പേരെ

Friday 10 October 2025 1:29 AM IST

മലപ്പുറം: മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതോ അവർക്ക് സംരക്ഷിക്കാൻ സാധിക്കാത്തതോ ആയ കാരണങ്ങളാൽ കുടുംബത്തോടൊപ്പം താമസിക്കാൻ കഴിയാതെ ബാല സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികളെ സുരക്ഷിത കൈകളിൽ ഏൽപ്പിക്കുന്ന പദ്ധതിയായ ഫോസ്റ്റർ കെയർ പ്രകാരം നിലവിൽ ജില്ലയിലെ വിവിധ വീടുകളിൽ കഴിയുന്നത് 28 പേർ. രണ്ട് വർഷം കുട്ടിയെ താമസിപ്പിച്ചാൽ യഥാർത്ഥ രക്ഷിതാക്കൾക്കും താമസിപ്പിച്ചവർക്കും സമ്മതമാണെങ്കിൽ കുട്ടിയുടെ സമ്മതത്തോടെ നിയമാനുസൃതമായി ദത്തെടുക്കാനുള്ള നടപടികളിലേക്ക് കടക്കാം. ഇത്തരത്തിൽ ആകെ ദത്തെടുത്തത് ആറ് കുട്ടികളെയാണ്. രണ്ട് കുട്ടികളെയാണ് ഈ വർഷം ദത്തെടുത്തത്. 2024, 2022 വർഷങ്ങളിലും രണ്ട് പേരെ വീതം ദത്തെടുത്തിരുന്നു. 2023ൽ ആരെയും ദത്തെടുത്തിട്ടില്ല.

ജില്ലാ ശിശു സംരക്ഷണ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ചേർന്നാണ് 2022 മുതൽ പദ്ധതി നടപ്പാക്കുന്നത്. ആറ് മുതൽ 18 വയസ് വരെയുള്ളവരെയാണ് ഏറ്റെടുക്കാൻ അനുമതിയുള്ളത്. ജില്ലയിൽ 34 ബാലസംരക്ഷണ കേന്ദ്രങ്ങളാണുള്ളത്.

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ജില്ലാ ചൈൽഡ് പ്രൊട്ടക്ഷ‌ൻ യൂണിറ്റ് വഴിയാണ് കുട്ടിയെ താല്ക്കാലികമായി ഏറ്റെടുക്കാൻ തയ്യാറുള്ളവർ അപേക്ഷിക്കേണ്ടത്. റിപ്പോർട്ട് പരിശോധിച്ച ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉചിതമായ കുടുംബങ്ങളിലേക്ക് കുട്ടികളുടെ താല്പര്യം കൂടി പരിഗണിച്ച ശേഷം അയക്കും. കുടുംബാന്തരീക്ഷം, വിദ്യാഭ്യാസം, വരുമാനം എന്നിവയും താൽക്കാലിക ദത്തെടുക്കൽ സമയത്ത് പരിഗണിക്കും. . കുടുംബ സാഹചര്യം മെച്ചപ്പെടുമ്പോൾ സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് പോവാം. താല്പര്യ പ്രകാരം കരാർ കാലാവധി നീട്ടിനൽകാനും സാധിക്കും.

ഇടയ്ക്കിടെ കുട്ടികളുടെ ക്ഷേമം ഉദ്യോഗസ്ഥർ അന്വേഷിച്ച് റിപ്പോർട്ട് നൽകും

നിലവിൽ ഫോസ്റ്റർ കെയറിലുള്ള കുട്ടികളുടെ എണ്ണം - 28

ദത്തെടുക്കപ്പെട്ടവർ - ആറ്

2025- 2

2024 - 2

2023 - 0

2022 - 2