തിരൂർ ഉപജില്ല വുഷു മത്സരത്തിനിടെ വിദ്യാർത്ഥിയുടെ കൈയൊടിഞ്ഞു
തിരൂർ: ഉപജില്ല കായികമത്സരങ്ങളുടെ ഭാഗമായുള്ള വുഷു മത്സരം നടക്കുന്നതിനിടെ വീണ് മത്സരാർത്ഥിയുടെ ഇരുകൈകളിലെയും കൈപ്പത്തിയുടെ എല്ലിന് പരിക്കേറ്റു. ആലത്തിയൂർ ഇക്ര സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ആദിലിനാണ് പരിക്കേറ്റത്. തലക്കാട് പഞ്ചായത്തിലെ ഇ.കെ.നായനാർ സാംസ്കാരിക ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു മത്സരം. രാവിലെ 8.30ന് ആരംഭിക്കാനിരുന്ന മത്സരങ്ങൾ പതിനൊന്നരയ്ക്കാണ് ആരംഭിച്ചത്. വുഷു മത്സരത്തിന് ഉപയോഗിക്കേണ്ട മാറ്റ് അല്ല തറയിൽ വിരിച്ചിരുന്നതെന്നും അതിനാലാണ് പരിക്കേറ്റതെന്നും അദ്ധ്യാപകർ പറഞ്ഞു. ഡോക്ടറെയോ മെഡിക്കൽ സംവിധാനങ്ങളോ ഒരുക്കിയിരുന്നില്ല. തിരൂർ ഉപജില്ലയിലെ ഗ്രൗണ്ടുകളുടെ അഭാവം കാരണം പാലക്കാട് ജില്ലയിലെ ചാത്തനൂരിൽ വച്ചാണ് പ്രധാന മത്സരങ്ങൾ നടന്നിരുന്നത്. ചെറിയ ഇനങ്ങൾ വിവിധ സ്കൂൾ ഗ്രൗണ്ടുകളിലും. പരിക്കേറ്റ മുഹമ്മദ് ആദിൽ ആലത്തിയൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
തറയിൽ വിരിക്കേണ്ട കട്ടിയുള്ള സ്പോഞ്ചിന് പകരം കരാട്ടെ, കുങ്ഫു എന്നിവയ്ക്ക് ഉപയോഗിക്കുന്ന മാറ്റ് ആണ് ഉപയോഗിച്ചത്. ഇത് പരിക്കിന് കാരണമായി. പരിക്കേറ്റ കുട്ടിക്ക് അടിയന്തരചികിത്സ ലഭ്യമായില്ല അദ്ധ്യാപകർ
രണ്ട് സ്ഥലങ്ങളിലായി മത്സരങ്ങൾ നടക്കുന്നതിനാൽ വൈദ്യസഹായം എത്താൻ വൈകി. നിലത്ത് വിരിച്ച മാറ്റിന്റെ ഗുണനിലവാരം പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കും. പരിക്കേറ്റ കുട്ടിക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കും
സംഘാടകർ